കണ്ണൂർ ടൗൺ സ്റ്റേഷനിൽ വിജിലൻസ് റെയ്ഡ്
1568213
Wednesday, June 18, 2025 1:54 AM IST
കണ്ണൂർ: ടൗൺ പോലീസ് സ്റ്റേഷനിൽ വിജിലൻസ് പരിശോധന. കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഒരു മണിക്കൂറോളം നീണ്ട പരിശോധയിൽ ഒന്നും ലഭിച്ചില്ലെന്നാണ് വിവരം.
ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി തന്റെ ജന്മദിനത്തിൽ ഒരു സുഹൃത്തിൽനിന്ന് സമ്മാനം സ്വീകരിച്ചതിനെതിരെ പി.സി. ജിബിൻ എന്നയാൾ മുഖ്യമന്ത്രി, ഡിജിപി, വിജിലൻസ് ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയിരുന്നു. പോലീസുദ്യോഗസ്ഥൻ ഇത്തരത്തിൽ സമ്മാനം സ്വീകരിക്കുന്നത് ചട്ടവിരുദ്ധമാണെന്നും സമ്മാനം നൽകിയ വ്യക്തിയുമായുള്ള ബന്ധം അന്വേഷിക്കണമെന്നുമായിരുന്നു പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. സ്പെഷൽ ബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ട്.