നിലാവിനൊരു സന്ദേശവുമായി ദിയ ദിനചന്ദ്രൻ
1568456
Thursday, June 19, 2025 12:59 AM IST
ഇരിട്ടി: വായനാദിനത്തിൽ കിളിയന്തറ സെന്റ് തോമസ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വലിയ ആഘോഷങ്ങളൊന്നുമില്ലെങ്കിലും അസംബ്ലിയിൽ ഒരു കുട്ടി കഥ വായിക്കും. സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ദിയ ദിനചന്ദ്രൻ എഴുതിയ . "നിലാവിനൊരു സന്ദേശം’ എന്ന കഥയാണ് വായിക്കുക.
സ്വന്തം പ്രകാശത്തെ തിരിച്ചറിയാതെ ഇരുട്ടിലാണെന്ന് സ്വയം പഴിക്കുന്ന നിലാവിനോട് ഒരു കുട്ടി സംവദിക്കുന്നതാണ കഥയുടെ പ്രമേയം. സൂര്യനിൽ നിന്ന് നീ കടം കൊണ്ട പ്രകാശത്തിന്റെ കുളിർമയിൽ ഞങ്ങൾ മനുഷ്യർ ആന്ദനം കണ്ടെത്തുന്നു. മുറിവേറ്റ മനുഷ്യ ഹൃദയങ്ങൾക്ക് നിന്റെ പ്രകാശം ഒരു വരമാണെന്ന് ഓർമിപ്പിച്ചുകൊണ്ടുള്ള വരികളിൽ അങ്ങിങ്ങ് കൂട്ടിവായിക്കാൻ കഴിയാതെ ഒളിഞ്ഞുകിടക്കുന്ന ഒരായിരം ഓർമപ്പെടുത്തലുകൾ കണ്ടെത്താൻ കഴിയും.
എസ്എസ്എൽസിയിലും പ്ലസ് വണ്ണിലും മുഴുവൻ എ പ്ലസ് നേടിയ ദിയ എഴുത്തിൽ മാത്രമല്ല പഠനത്തിലും മിടുക്കിയാണ്. കഥയെഴുത്തിൽ 2023-24 വർഷത്തെ സംസ്ഥാനതല വിജയി കൂടിയാണ് ദിയ ദിനചന്ദ്രൻ. അധ്യാപക ദമ്പതികളായ ദിനചന്ദ്രൻ- മിനി ദന്പതികളുടെ മകളാണ് ദിയ.