മാർ കുര്യാക്കോസ് കുന്നശേരി അനുസ്മരണം നടത്തി
1568222
Wednesday, June 18, 2025 1:54 AM IST
പയ്യാവൂർ: മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷൻ സ്ഥാപക രക്ഷാധികാരിയും കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയുമായിരുന്ന മാർ കുര്യാക്കോസ് കുന്നശേരിയുടെ എട്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് മാർ കുന്നശേരി അനുസ്മരണവും എൻഡോവ്മെന്റ് വിതരണവും നടത്തി.
കോളജ് ഓഡിറ്റോറിയത്തിൽ വൈസ് പ്രിൻസിപ്പൽ ഡോ. പ്രശാന്ത് മാത്യു അധ്യക്ഷത വഹിച്ചു. സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ജോബി മാത്യു ആമുഖ പ്രഭാഷണവും പയ്യാവൂർ സെന്റ് സെബാസ്റ്റ്യൻസ് ഇടവക വികാരി ഫാ.ബേബി കട്ടിയാങ്കൽ കുന്നശേരി അനുസ്മരണ പ്രഭാഷണവും നടത്തി.
സ്റ്റാഫ് അസോസിയേഷൻ ഏർപ്പെടുത്തിയ മാർ കുന്നശേരി എൻഡോവ്മെന്റ് വിതരണവും ഫാ.ബേബി കട്ടിയാങ്കൽ നിർവഹിച്ചു. മാത്തമാറ്റിക്സ് വിഭാഗം മേധാവി ഡോ.ഷോളി ജോസഫ്, ലൈബ്രേറിയൻ ദീപാ ജോൺ, യൂണിയൻ ചെയർപേഴ്സൺ അമിൻ മാത്യു എന്നിവർ പ്രസംഗിച്ചു.