നായനാർ മലയിലെ ക്വാറി വേസ്റ്റ് താഴേക്കൊഴുകി; ജനങ്ങൾ ആശങ്കയിൽ
1568221
Wednesday, June 18, 2025 1:54 AM IST
ചെമ്പന്തൊട്ടി: കഴിഞ്ഞ മൂന്നു ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയിൽ ചെമ്പന്തൊട്ടി നായനാർ മലയിലെ മൂളിയാൻ ക്വാറിയിൽ നിന്ന് ഉരുൾപൊട്ടലിന് സമാനമായ രീതിയിൽ മലവെള്ളത്തിനൊപ്പം കല്ലും മണ്ണും താഴേക്കൊഴുകുന്നതു മൂലം കൊക്കായി നിവാസികൾ ആശങ്കയിലായി. കഴിഞ്ഞ ദിവസം ക്വാറിയിൽ ചില പണികൾ നടത്തിയതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. മാസങ്ങളായി പ്രവർത്തനരഹിതമായിരുന്ന ക്വാറിയിൽ ഉറച്ചു കിടന്ന കല്ലും മണ്ണും ഇളക്കിയതു മൂലമാണ് ഇപ്പോൾ ക്വാറി അവശിഷ്ടങ്ങളും മലിന ജലവും താഴേക്കൊഴുകി അടിവാരത്തിലുള്ള കൃഷിയിടങ്ങളിൽ നാശം സംഭവിച്ചതും കുടിവെള്ളം ഉപയോഗശൂന്യമായതും.
ജിയോളജി വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് നിയമവിരുദ്ധമായി ക്വാറിയിൽ നടത്തിയ പണികൾക്കെതിരേ ജനകീയ കമ്മിറ്റി യോഗം ചേരുകയും ക്വാറിയിലേക്ക് മാർച്ച് നടത്താൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ നൽകിയ പരാതിയെ തുടർന്ന് നഗരസഭാധ്യക്ഷയും സെക്രട്ടറിയും ക്വാറി സന്ദർശിച്ചിരുന്നു.
ക്വാറി മാലിന്യം താഴെക്കൊഴുകുന്നത് തടയാൻ അടിയന്തര നടപടി വേണമെന്നും ക്വാറിയുടെ പ്രവർത്തനം സ്ഥിരമായി നിരോധിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.