ജില്ലാ ഫുട്ബോൾ ടൂർണമെന്റ്: പള്ളിപ്രത്തുശേരി എക്സ്പാനുവലിന് കിരീടം
1416223
Saturday, April 13, 2024 6:56 AM IST
ടിവിപുരം: ടിവിപുരത്ത് അവധിക്കാല വോളിബോൾ, ഫുട്ബോൾ ടൂർണമെന്റുകൾ ആരംഭിച്ചു. എഫ്സി മ്യൂനിക്കിന്റെ ആഭിമുഖ്യത്തിൽ ടിവിപുരം പഞ്ചായത്തിനു സമീപത്തെ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ മാറ്റുരച്ചത് ജില്ലയിലെ 22 ടീമുകൾ.
ടൂർണമെന്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടിവിപുരം പള്ളിപ്രത്തുശേരി എക്സ്പാനുവലിന് എ.ഡി. ആന്റണി തെക്കേകളത്തൂർ സ്മാരക ട്രോഫിയും 3000 രൂപ കാഷ് അവാർഡും രണ്ടാം സ്ഥാനം നേടിയ എഫ്.സി മ്യൂനിക്കിന് പതുങ്ങുംതറ രാഘവൻ മെമ്മേറിയൽ ട്രോഫിയും 1500 രൂപ കാഷ് അവാർഡും മുൻ ടിവി പുരം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണിയും കെ എസ് ഇ ബി വെറ്ററൻ വോളിബോൾ താരം ബാലകൃഷ്ണൻ മാധവശേരിയും ചേർന്ന് സമ്മാനിച്ചു.
വോളിബോൾ, ഫുട്ബോൾ കളികളടക്കമുള്ള കായിക ഇനങ്ങളിലേക്ക് കുട്ടികളെ ആകൃഷ്ടരാക്കുന്നതിനായി സ്പോർട്സിനോടു താത്പര്യമുള്ള സുമനസുകളുടെ സഹകരണത്തോടെ 15 വയസിൽ താഴെ പ്രായമുള്ള കുട്ടികൾ തന്നെയാണ് ടിവി പുരത്ത് ഫുട്ബോൾ ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നത്. ടി വി പുരത്ത് കഴിഞ്ഞ രണ്ടുതവണ നടന്ന കോട്ടയം ജില്ലാ ഫുട്ബോൾ ടൂർണമെന്റിൽ രണ്ടാം സ്ഥാനം നേടിയത് ആതിഥേയർ തന്നെയാണ്.
കോട്ടയം കുടുംബശ്രീ ജില്ലാ മിഷൻ ബാലസഭയോടനുബന്ധിച്ച് പതിന്നാലു വയസിനു താഴെയുള്ള കുട്ടികൾക്കായി കോട്ടയത്ത് നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടിയത് ടിവി പുരം ടീമായിരുന്നു. എഫ്സി മ്യൂനിക്കിന്റെ ജോഫിൻ , അഭിഷേക് ഐബി , റോബിൻ, ആനന്ദ്, ദേവനാഥ്, അനന്തകൃഷ്ണൻ, ഗൗതം, വിഷ്ണു സുനീഷ് , ജോബിൻ ടി. ജോൺ തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി.