വിരൽത്തുമ്പിൽ ചികിത്സാ പദ്ധതിയുമായി മെഡിക്കൽ ട്രസ്റ്റ്
1227358
Monday, October 3, 2022 11:53 PM IST
കൊച്ചി: അന്താരാഷ്ട്ര വയോജന ദിനാചരണത്തോടനുബന്ധിച്ചു വിരൽത്തുമ്പിൽ ഡോക്ടറുടെ സേവനം പദ്ധതിയുമായി മെഡിക്കൽ ട്രസ്റ്റ് ആശുപത്രി. വീടുകളിൽ കഴിയുന്ന കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവർക്ക് ആശുപത്രിയിൽ എത്താതെ ഒരു ഫോൺ കോളിൽ വൈദ്യസേവനം എത്തിക്കുന്ന പദ്ധതി മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
എഡ്രാക്കിന്റെ സഹകരണത്തോടെയാണ് വയോജന ദിനാഘോഷം നടത്തിയത്. മുതിർന്ന പൗരന്മാർക്കായി ഹെൽത്തി ഏജിംഗ് ക്ലബിനു ചടങ്ങിൽ തുടക്കമായി. വിനോദം, ഭക്ഷണക്രമീകരണ അവബോധം, വ്യായാമ പരിശീലനം, വാർധക്യകാല അസുഖങ്ങൾ തിരിച്ചറിയാനുള്ള പരിശോധനകൾ തുടങ്ങിയവയും നടന്നു.
പിന്നണി ഗായകൻ ബിജു നാരായണൻ പുതിയ പദ്ധതിയുടെ ലോഗോ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ ഡോ. പി.വി. ലൂയിസ്, മെഡിക്കൽ ആൻഡ് കൊമേഴ്സൽ ഡയറക്ടർ ഡോ. പി.വി. തോമസ്, ഫിനാൻഷ്യൽ ഡയറക്ടർ പി.വി. സേവ്യർ, കൺസൾട്ടന്റ് ജെറിയാട്രിഷൻ ഡോ. ജിനോ ജോയ്, ഫാമിലി മെഡിസിനിലെ ഡോ. ആശാ തോമസ്, അഡ്വ. എസ്.എ.എസ്. നവാസ്, എഡ്രാക് പ്രതിനിധി രംഗദാസപ്രഭു എന്നിവർ പങ്കെടുത്തു.