ബ്യൂട്ടിപാര്‍ലര്‍ ഉടമയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞു
1338373
Tuesday, September 26, 2023 12:44 AM IST
കൊച്ചി: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കിയ സംഭവത്തില്‍ ബന്ധുവായ കാലടി സ്വദേശിനി ലിവിയ ജോസിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി ഒക്ടോബര്‍ മൂന്നു വരെ തടഞ്ഞു. മുന്‍കൂര്‍ ജാമ്യം തേടി ലിവിയ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസാണ് അറസ്റ്റ് തടഞ്ഞത്. പ്രോസിക്യൂഷന്റെ വിശദീകരണം തേടി ഹര്‍ജി ഒക്ടോബര്‍ മൂന്നിലേക്ക് മാറ്റി. ഷീലയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ.
കഴിഞ്ഞ ഫെബ്രുവരി 27 ന് വൈകിട്ട് ഷീലയുടെ സ്കൂട്ടറില്‍ നിന്ന് എക്സൈസ് സംഘം 12 എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടികൂടിയിരുന്നു. അറസ്റ്റിലായ ഷീല 72 ദിവസം ജയിലില്‍ കഴിഞ്ഞു. പിന്നീട് കാക്കനാട് റീജണല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലാബില്‍ നിന്ന് മേയ് 12 നു ലഭിച്ച റിപ്പോര്‍ട്ടില്‍ പിടിച്ചെടുത്തത് ലഹരി മരുന്നല്ലെന്ന് തെളിഞ്ഞു. തുടര്‍ന്ന് ഷീല സണ്ണി നല്കിയ ഹര്‍ജിയില്‍ ലഹരിമരുന്നു കേസ് ഹൈക്കോടതി റദ്ദാക്കി.