കൊച്ചിയിലെ കുടിവെള്ള ക്ഷാമം തീർക്കാൻ പെരിയാറിലെ ജലം ഉപയോഗിക്കണം: യുഡിഎഫ്
1394681
Thursday, February 22, 2024 4:10 AM IST
ആലുവ: നിർദിഷ്ട കിൻഫ്ര വ്യവസായ ജല പദ്ധതിക്ക് പകരം കൊച്ചിയിലെ കുടിവെള്ള ക്ഷാമം തീർക്കാൻ പെരിയാറിലെ ജലം ഉപയോഗിക്കണമെന്ന് യുഡിഎഫ് കീഴ്മാട് പഞ്ചായത്ത് പാർലമെന്ററി കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എ. മുജീബിന്റെ അധ്യക്ഷതയിൽ കീഴ്മാട് ബാങ്ക് ഹാളിൽ ചേർന്ന കമ്മിറ്റിയാണ് നിർദേശം സർക്കാരിന് മുന്നിൽവച്ചത്.
തോട്ടുംമുഖത്ത് പെരിയാർ തീരത്തുള്ള കിൻഫ്രയുടെ പമ്പ് ഹൗസും കിണറും സംഭരണ ടാങ്കും വാർഡംഗങ്ങളുടെ നേതൃത്വത്തിൽ ഇന്നലെ സന്ദർശിച്ചു. കഴിഞ്ഞ ദിവസം എടയപ്പുറം മേഖലയിൽ കിൻഫ്ര പദ്ധതിക്കെതിരെ എംപിയുടെയും ആലുവ, തൃക്കാക്കര എംഎൽഎമാരുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
ഓരോ ദിവസവും 45 എംഎൽഡി വെള്ളം കൊണ്ടുപോകുന്നതാണ് കിൻഫ്ര പദ്ധതി. ഇതിനായി 220 ദശലക്ഷം വെള്ളം സംഭരിക്കുന്നതിനുതകുന്ന ചെക്ക് ഡാം നിർമിക്കും. വിശാല കൊച്ചി പ്രദേശത്തെ ലക്ഷോപലക്ഷം ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ കഴിയാതിരിക്കെ പെരിയാറിൽ ഒഴുക്ക് തടഞ്ഞു നിർത്തി വ്യവസായ ആവശ്യത്തിന് വെള്ളം കൊണ്ടുപോകാനുള്ള കിൻഫ്ര പദ്ധതി പുനപ്പരിശോധിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.
പെരിയാറിന്റെ രണ്ട് കിലോമീറ്റർ കിഴക്ക് ഭാഗത്താണ് കിൻഫ്ര പദ്ധതിക്കായി വലിയ കിണറും സംഭരണ ടാങ്കും നിർമിക്കുന്നത്. ഇതിലേക്ക് ആവശ്യമായ ജലം സുഗമമാക്കുന്നതിനാണ് ചെക്ക് ഡാം നിർമിക്കുന്നത്. പെരിയാറിൽ ഒഴുക്ക് തടസപ്പെടുമെന്നും ഉപ്പുവെള്ളം കായലിൽനിന്നു തിരിച്ച് കയറാൻ ഇടയാക്കുമെന്നും യോഗം വിലയിരുത്തി.