തൃക്കാക്കരയിൽ ഡെങ്കിപ്പനി ബാധിതർ പെരുകുന്നു
1459707
Tuesday, October 8, 2024 7:27 AM IST
കാക്കനാട്: തൃക്കാക്കര നഗരസഭാ പരിധിക്കുള്ളിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം പെരുകുന്നു. 43 ഡിവിഷനുകളിലും പനി ബാധിതരുണ്ടെന്നാണ് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ വിലയിരുത്തൽ. പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമല്ലെന്നാണ് പനി ബാധിതരായ രോഗികളും അവരുടെ ബന്ധുക്കളും ആവർത്തിക്കുന്നത്.
തൃക്കാക്കര നഗരസഭയിൽ ഹോം സ്റ്റേകൾ, പുരുഷ-വനിതാ ഹോസ്റ്റലുകൾ, സർക്കാർ നിയന്ത്രണത്തിലുള്ള റസ്റ്റ് ഹൗസുകൾ, ഹൗസിംഗ് ബോർഡ് ഹോസ്റ്റലുകൾ തുടങ്ങി സ്വകാര്യ സർക്കാർ പാർപ്പിടങ്ങളിലും ഫ്ലാറ്റു സമുച്ചയങ്ങളിലും ക്രമാതീതമായ നിലയിൽ കൊതുകു വ്യാപനം കണ്ടെത്തിയിട്ടുണ്ട്.
ലേബർ ക്യാമ്പുകൾ വൃത്തിഹീനം
നഗരസഭാ പരിധിയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചുവരുന്ന ലേബർ ക്യാമ്പുകളിൽ ചളിയും വെള്ളവും കെട്ടിക്കിടന്ന് കൊതുകുകൾ മുട്ടയിട്ടു പെരുകുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ആരോഗ്യ പ്രവർത്തകരോ, നഗരസഭ ഹെൽത്ത് വിഭാഗമോ, ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തുന്നില്ല.
ഡെങ്കിപ്പനി ക്രമാതീതമായി പെരുക്കുന്ന സാഹചര്യത്തിൽ ഫോഗിംഗും പരിസര ശുചീകരണവും കൂടുതൽ ശക്തമാക്കുമെന്ന് തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷൻ ഉണ്ണി കാക്കനാട് അറിയിച്ചു. നഗരസഭാധ്യക്ഷ രാധാമണിപ്പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന ഹെൽത്ത് കമ്മിറ്റി യോഗത്തിൽ വാർഡുകളിൽ ബോധവത്കരണവും ജാഗ്രതാ നിർദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ, ബാനറുകൾ, നോട്ടീസുകൾ എന്നിവ വഴി ഡങ്കിപ്പനി വ്യാപനം തടയാനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചതായി നഗരസഭാധ്യക്ഷ അറിയിച്ചു.