സെന്‍ട്രല്‍ കേരള സഹോദയ സിബിഎസ്ഇ കലോത്സവം കൊടിയിറങ്ങി; മൂവാറ്റുപുഴ നിര്‍മലയ്ക്കു കിരീടം
1460228
Thursday, October 10, 2024 7:24 AM IST
മൂവാറ്റുപുഴ: സെന്‍ട്രല്‍ കേരള സഹോദയ സിബിഎസ്ഇ കലോത്സവത്തില്‍ (സര്‍ഗധ്വനി 2024) ആതിഥേയരായ മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂളിന് ഓവറോള്‍ കിരീടം. 963 പോയിന്റോടെയാണ് നിര്‍മല മൂന്നു ദിവസത്തെ കലോത്സവത്തില്‍ ആധിപത്യം ഉറപ്പിച്ചത്. വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്കൂള്‍ 763 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. 528 പോയിന്റുമായി തൊടുപുഴ വിമല പബ്ലിക് സ്കൂളിനാണു മൂന്നാം സ്ഥാനം.
നാലു മുതല്‍ പത്തുവരെ സ്ഥാനങ്ങളിലെത്തിയ സ്കൂളുകളും പോയിന്റു നിലയും ക്രമത്തില്‍: വാളകം ബ്രൈറ്റ് പബ്ലിക് സ്കൂള്‍ (522), തൊടുപുഴ ജയ് റാണി പബ്ലിക് സ്കൂള്‍, തൊടുപുഴ ഡി പോള്‍ പബ്ലിക് സ്കൂള്‍ (492 -ഇരു സ്കൂളുകള്‍ക്കും അഞ്ചാംസ്ഥാനം.), കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂള്‍ (486), തൊടുപുഴ മുട്ടം ശാന്താള്‍ ജ്യോതി പബ്ലിക് സ്കൂള്‍ (483), അങ്കമാലി എടക്കുന്ന് നൈപുണ്യ പബ്ലിക് സ്കൂള്‍ (466), മൂവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്കൂള്‍ (459), കോതമംഗലം ഗ്രീന്‍വാലി പബ്ലിക് സ്കൂള്‍ (435).
ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സിബിഎസ്ഇ സ്കൂളില്‍ നിന്നായി നാലായിരത്തോളം പ്രതിഭകള്‍ മാറ്റുരച്ച കലോത്സവത്തിലെ വിജയികള്‍ പാലക്കാട് നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കും. സമാപന സമ്മേളനം കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കേരള സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ അധ്യക്ഷത വഹിച്ചു. സഹോദയ സംസ്ഥാന പ്രസിഡന്റ് ഫാ. സിജന് പോള്‍ ഊന്നുകല്ലേല്‍, സെക്രട്ടറി ജൈന പോള്‍, വൈസ് പ്രസിഡന്റ് ഫാ. ജോണ്സണ് പാലപ്പിള്ളി, സര്‍ഗധ്വനി ജനറല്‍ കണ്‍വീനര്‍ ഫാ. പോള്‍ ചൂരത്തൊട്ടി, നിര്‍മല പബ്ലിക് സ്കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ലിജിയ, ആവോലി പഞ്ചായത്തംഗം രാജേഷ് പൊന്നുംപുരയിടം, പിടിഎ പ്രസിഡന്റ് സി.വി. ജോണി തുടങ്ങിയവര്‍ പ്രസംഗിച്ചു. മിമിക്രി താരം ജോബി പാല വിജയികള്‍ക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സംഘാടന മികവിന്റെ മേള
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂള്‍ വേദിയായ സെന്‍ട്രല്‍ കേരള സഹോദയ സിബിഎസ്ഇ കലോത്സവം സംഘാടന മികവിലൂടെയും ശ്രദ്ധിക്കപ്പെട്ടു. മത്സരാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായ സജ്ജീകരണങ്ങളും സഹായങ്ങളും ഒരുക്കുന്നതില്‍ സംഘാടകര്‍ മികവു പുലര്‍ത്തി. മത്സരത്തിനു കൂടുതല്‍ വേദികള്‍ ഒരുക്കി സമയബന്ധിതമായി മത്സരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് നേട്ടമായി. ഫലപ്രഖ്യാപനം സംബന്ധിച്ചു കാര്യമായ തര്‍ക്കങ്ങളോ അപ്പീലുകളോ ഉണ്ടായില്ല.
ഒപ്പനയ്ക്കു നിറഞ്ഞ സദസ്
മൂവാറ്റുപുഴ: അവതരണ മികവ് കൊണ്ട് ശ്രദ്ധേയമായിരുന്നു ഒപ്പന മത്സരം. ചാഞ്ഞും ചെരിഞ്ഞും മൈലാഞ്ചി കൈവീശിയും എത്തിയ മൊഞ്ചത്തിമാരെ കാണാന്‍ സദസ് നിറഞ്ഞ് കവിഞ്ഞിരുന്നു. മൂവാറ്റുപുഴ ഇലാഹിയ പബ്ലിക് സ്കൂള്‍ ഒന്നാം സ്ഥാനക്കാരായി. പങ്കെടുത്ത മിക്ക ടീമുകള്‍ക്കും എ ഗ്രേഡ് ലഭിച്ചു.
കോല്‍ക്കളിയില്‍ കാര്‍മലിനു ഹാട്രിക്
മൂവാറ്റുപുഴ: വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്കൂളിന്റെ കോല്ക്കളിപ്പെരുമയ്ക്ക് ഇക്കുറി ഹാട്രിക്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും വിജയിച്ച കാര്‍മല്‍ ഇക്കുറിയും കാണികളുടെ നിറഞ്ഞ ഹര്‍ഷാരവങ്ങളോടെയാണ് ഒന്നാം സ്ഥാനത്തേക്കു ചുവടുവച്ചത്.
കോഴിക്കോട് കോയ ഗുരുക്കളുടെ ശിക്ഷണത്തില്‍ ഡാനിയന്‍ ഷിബു തോമസ്, മനാഫ് അഷ്റഫ്, ജോസഫ് ജിജി, ഏണസ്റ്റോ വര്‍ഗീസ്, എബല്‍ ജോജോ, അലക്സ് ജോസ് ജിമ്മി, ആരവ് ജഗദീഷ്, സല്മാന് ഫാരീസ്, ആദിനാഥ് അശോക്, അസ്ലഹ് സ്വാലിഹ്, ഡെല്വിന് സജു, ക്രിസ്റ്റി പി. ജോജോ എന്നിവരാണ് കോല്‍കളിയില്‍ വിസ്മയം തീര്‍ത്തത്. ആതിഥേയരായ നിര്‍മല പബ്ലിക് സ്കൂളിനാണ് രണ്ടാം സ്ഥാനം. ഇരു സ്കൂളുകള്‍ക്കും പാലക്കാട് നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാം.