മൂന്നു മാസമായി കൂലി കിട്ടുന്നില്ലെന്ന് : കളക്ടറേറ്റിനു മുന്നിൽ സ്കൂൾ പാചകത്തൊഴിലാളി സമരം
1483505
Sunday, December 1, 2024 5:34 AM IST
കാക്കനാട്: സ്കൂൾ പാചക തൊഴിലാളികൾക്ക് കഴിഞ്ഞ മൂന്നു മാസമായി ശമ്പളം കിട്ടുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കളക്ടറേറ്റു പടിക്കൽ എച്ച്എംഎസ് സംഘടനയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് നില്പ് സമരം നടത്തി. മുൻ എംപിയും എച്ച്എംഎസ് ദേശീയ നേതാവുമായ തമ്പാൻ തോമസ് സമരം ഉദ്ഘാടനം ചെയ്തു.
600 രൂപ ദിവസ വേതനത്തിനു കരിയും പുകയുമേറ്റ് പണിയെടുക്കുന്ന പാചക തൊഴിലാളികൾക്ക് ശമ്പളം നിഷേധിക്കുന്ന സർക്കാർ നയം തിരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
35 കൊല്ലത്തിലേറെയായി ഈ മേഖലയിൽ കഴിയുന്നവർക്കും തുടക്കക്കാർക്കും 600 രൂപയാണ് പ്രതിദിന വേതനം. ഇതും മൂന്നു മാസമായി കുടിശികയാണ്. പ്രതിദിന പ്രതിഫലം 1,000 രൂപയാക്കി വർധിപ്പിക്കണമെന്നും, വേതന കുടിശിക എത്രയും വേഗം വിതരണം ചെയ്യണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.