വേനൽ മഴയിൽ വെള്ളക്കെട്ട്; ഗതാഗതക്കുരുക്ക്
1535611
Sunday, March 23, 2025 4:49 AM IST
മൂവാറ്റുപുഴ: വേനൽ മഴയിൽ മൂവാറ്റുപുഴ നഗരത്തിലെ റോഡുകൾ വെള്ളത്തിനടിയിൽ. ഇത് പലയിടത്തും ഗതാഗതകുരുക്കിന് കാരണമായി. ഇന്നലെ വൈകുന്നേരം മൂന്നോടെ ആരംഭിച്ച ശക്തമായ മഴയെ തുടർന്നാണ് പ്രധാന റോഡുകളടക്കം മുങ്ങിയത്.
രണ്ടു മണിക്കൂറോളം പെയ്ത ശക്തമായ മഴയെതുടർന്ന് എംസി റോഡിലുണ്ടായ വെള്ളക്കെട്ട് പേഴയ്ക്കപ്പിള്ളിയിൽ ഗതാഗതക്കുരുക്കുണ്ടാക്കി. വാഴപ്പിള്ളി, പിഒ ജംഗ്ഷൻ, കച്ചേരിത്താഴം എന്നിവിടങ്ങളിലും രൂപപ്പെട്ട വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമായി.
റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് കുഴിയും റോഡും തിരിച്ചറിയാൻ സാധിക്കാതെ വന്നതും ഗതാഗതകുരുക്ക് രൂക്ഷമാക്കി. കാന നിർമാണത്തിലെ അശാസ്ത്രീയതയും വെള്ളം ഒഴുകി പോകാൻ സ്ഥലമില്ലാത്തതുമാണ് നഗരത്തിൽ വെള്ളക്കെട്ടിന് കാരണമാകുന്നതെന്നാണ് വ്യാപാരികൾ പറയുന്നു. രാത്രി വൈകും വരെ നഗരത്തിൽ ഗതാഗതക്കുരുക്ക് നീണ്ടുനിന്നു.
കൊവേന്തപ്പടിയിൽ റോഡിൽ വെള്ളക്കെട്ട്
കോതമംഗലം: വേനൽ മഴയിൽ മലയിൻകീഴ് കൊവേന്തപ്പടിയിൽ റോഡിൽ വെള്ളക്കെട്ട്. കൊവേന്തപ്പടി ഫാ. ജെബിഎം യുപി സ്കൂളിലേക്ക് പോകുന്ന വഴിയിലുള്ള അങ്കണവാടിക്ക് സമീപമാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഒരു മഴ പെയ്താൽ റോഡിലൂടെ കാൽനടയ്ക്ക് പോലും പറ്റാത്ത അവസ്ഥയിൽ വെള്ളക്കെട്ടാണ്.
കാലങ്ങളായി നാട്ടുകാർ ഇതിനെതിരെ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. നാളിതുവരെ യാതൊരു പരിഹാരവും ഉണ്ടാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. കോതമംഗലം നഗരസഭയിലെ ഒന്പത്, 10 വാർഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. അടിയന്തരമായി ഇതിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.