മാമലക്കണ്ടത്ത് കാറ്റില്‍ നാല് വീടുകള്‍ക്ക് ഭാഗികനാശം
1568280
Wednesday, June 18, 2025 4:15 AM IST
കോതമംഗലം: മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റില്‍ കുട്ടമ്പുഴ പഞ്ചായത്തിലെ മാമലകണ്ടം മേഖലയില്‍ നാല് വീടുകള്‍ക്ക് ഭാഗികനാശം. 20 ഓളം കര്‍ഷകരുടെ വിവിധ കാര്‍ഷികവിളകള്‍ക്കും നാശം. മരങ്ങള്‍ വീണ് ഗതാഗത തടസവും വൈദ്യുത തൂണുകള്‍ ഒടിയുകയും വൈദ്യുത കമ്പികള്‍ പൊട്ടി വീണും പ്രദേശത്തെ വൈദ്യുതിയും നിലച്ചിരുന്നു.
ഇന്നലെ പുലര്‍ച്ചെ 3.30 ഓടെയാണ് കാറ്റ് നാശം വിതച്ചത്. എളംബ്ലാശേരി ആദിവാസി ഉന്നതിയിലെ കന്നിയമ്മ ചെകിടന് ഗിരിജ തങ്കപ്പന്, ലീല സത്യന്, മാമലകണ്ടം തൊണ്ടിമലയില്‍ ജാനു സുകുമാരന്‍ എന്നിവരുടെ വീടുകള്‍ക്കാണ് തകര്‍ച്ച നേരിട്ടത്.
കന്നിയമ്മയുടെ വീടിന്റെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂര മുഴുവനും മരങ്ങള്‍ വീണാണ് തകര്‍ന്നത്. ജാനു സുകുമാരന്റെ വീടിന് ഭാഗികമായി തകര്‍ച്ച നേരിട്ടു. കാലപ്പഴക്കംകൊണ്ട് ചോര്‍ച്ചയും മറ്റ് തകരാറും കാരണം പടുത വലിച്ച് കെട്ടി താമസിക്കുകയായിരുന്നു അഞ്ചംഗ കുടുംബം.
മേല്‍ക്കൂരയുടെ ഒരു വശം തകര്‍ന്നതിനൊപ്പം കൃഷിനാശവും ഉണ്ടായിട്ടുണ്ട്. പുലര്‍ച്ചെ ആയതുകൊണ്ട് പലരും ഉറക്കത്തിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസിലായില്ല. വലിയൊരു ശബ്ദത്തോടെയാണ് കാറ്റ് വീശിയത്. പലരും പുറത്തേക്ക് ഓടി മാറുകയായിരുന്നു. മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന കന്നിയമ്മയുടെ വീട്ടുസാധനങ്ങളുല്ലാം വെള്ളത്തിലായി. വൈദ്യുതി നിലച്ചതുകൊണ്ട് രാവിലെയാണ് നാശം വിലയിരുത്തിയത്.
എളംബ്ലാശേരി ഊരുമൂപ്പന് രാഘവന് കോരാളിയില്‍, ചിന്നാണ്ടി പാട്ടന്, വാര്‍ഡ് മെംമ്പര്‍ ശ്രീജ ബിജു എന്നിവര്‍ ഉള്‍പ്പെടെ ഇരുപതോളം പേരുടെ റബര്‍, തെങ്ങ്, കവുങ്ങ്, ഏത്തവാഴ തുടങ്ങിയ വിവിധ വിളകളും നശിച്ചു. രാഘവന്റെ കൃഷിയിടത്തില്‍ ഉണ്ടായിരുന്ന വിവിധ ഇനം പഴവര്‍ഗ ചെടികളും കാറ്റെടുത്തു.