പനമ്പിള്ളിനഗറില്‍ കോടികള്‍ വിലമതിക്കുന്ന മിച്ചഭൂമി ഏറ്റെടുത്തു
1568286
Wednesday, June 18, 2025 4:15 AM IST
കൊച്ചി: പനമ്പിള്ളി നഗറില്‍ കോടികള്‍ വിലമതിക്കുന്ന മിച്ചഭൂമി ഏറ്റെടുത്ത് റവന്യൂ വകുപ്പ്. എളംകുളം വില്ലേജിലെ 893/4,6,8, 9,10 സര്‍വേ നമ്പറുകളില്‍പ്പെട്ട 4.22 ഏക്കര്‍ സ്ഥലമാണ് ഒന്‍പതു വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ റവന്യൂ സംഘം ഏറ്റെടുത്തത്.
1963ലെ ഭൂപരിഷ്കരണ നിയമത്തിന് പിന്നാലെ ഇതു മിച്ചഭൂമിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്ഥലമുടമകള്‍ നിയമനടപടികളുമായി മുന്നോട്ടു പോയതോടെ സാങ്കേതിക തടസങ്ങള്‍ മൂലം ഭൂമി ഏറ്റെടുക്കാന്‍ കഴിയാത്ത സ്ഥിതിയായി. 1973 മുതല്‍ ഇതു സംബന്ധിച്ചു കേസുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്നു വൈക്കം മേഖല ലാൻഡ് ബോര്‍ഡ് ചെയര്‍മാന്റെ നിര്‍ദേശ പ്രകാരം നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയതോടെയാണു ഭൂമി ഏറ്റെടുക്കാന്‍ കഴിഞ്ഞത്.
കണയന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ ഡി. വിനോദിന്റെ നേതൃത്വത്തില്‍ ഭൂരേഖ തഹസില്‍ദാര്‍ സി.ആര്. ഷനോജ് കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ബിനോ തോമസ്, ബിജു ജോസ്, വില്ലേജ് ഓഫീസര്‍ പി. സജിത്ത്, സെക്ഷന്‍ ക്ലാര്‍ക്ക് മാര്ട്ടിന് ടിനോയ് എന്നിവരടങ്ങിയ സംഘമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.