പെരിഞ്ഞനത്ത് ചില്ല് സംഭരണ കേന്ദ്രത്തിൽ തീ പിടുത്തം
1274072
Saturday, March 4, 2023 12:52 AM IST
പെരിഞ്ഞനം: പെരിഞ്ഞനത്ത് ചില്ല് സംഭരണ കേന്ദ്രത്തിൽ വൻ തീ പിടുത്തം. പനപ്പറന്പ് രാമത്ത് അന്പലത്തിന് സമീപമുള്ള ഒമേഗ എന്റർപ്രൈസസ് എന്ന വേസ്റ്റ് ചില്ലുകൾ ശേഖരിക്കുന്ന സംഭരണ കേന്ദ്രത്തിലാണ് തീ പിടുത്തമുണ്ടായത്.ഇന്നലെ ഉച്ചക്ക് ഒരു മണിക്ക് ആയിരുന്നു സംഭവം.
തൊട്ടടുത്ത ക്ഷേത്ര പറന്പിൽ അടിച്ചു കൂട്ടി തീയിട്ടിരുന്നതിൽ നിന്നും പടർന്നതാണെന്ന് പറയുന്നു.ചില്ലുകളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കുന്നുപോലെ കൂട്ടിയിട്ടിരുന്നതിനാണ് അഗ്നിക്കിരയായത്. തെങ്ങിന്റെ ഉയരത്തിൽ തീ ആളിക്കത്തിയതോടെ പരിസരവാസികൾ പരിഭ്രാന്തിയിലായി.
നാട്ടുകാർ മോട്ടോർ പന്പ് ഉപയോഗിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണ വിധേയമായില്ല. തൃപ്രയാർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.കയ്പമംഗലം പോലീസും, പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു.