തൈ നട്ട ആലപ്പാട്ടച്ചൻ കാണാനെത്തി
1298967
Wednesday, May 31, 2023 7:55 AM IST
തൃശൂര്‍: തേക്കിന്‍കാട് മൈതാനിയില്‍ പൂത്ത അപൂര്‍വമായ ശിവകുണ്ഡലമരം കാണാന്‍ മരംനട്ട ഫാ.ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് എത്തി. 2011 ജനുവരി ഒന്നിനാണ് തെക്കേഗോപുരനടയുടെ ഇടതുവശത്ത് കൈജീലിയ പിന്നേറ്റ എന്ന ശാസ്ത്രനാമമുള്ള ശിവകുണ്ഡലം എന്ന ഔഷധസസ്യം ആലപ്പാട്ടച്ചന് നട്ടത്.
താന്‍നട്ട സസ്യം വളര്‍ന്നു മരമായി പൂവിട്ട് ആദ്യഫലം വടക്കുന്നാഥന് സമ്മാനിക്കുന്നത് കാണാനാണ് ആലപ്പാട്ടച്ചന് എത്തിയത്. തൃശൂര്‍ സെന്റ് തോമസ് കോളജിലെ പഠനകാലത്താണ് ബോട്ടണി വകുപ്പു മേധാവി പ്രഫ.പി.ജെ. അബ്രഹാം ഈ ചെടിയെ പരിചയപ്പെടുത്തിയതെന്ന് ആലപ്പാട്ടച്ചന് ഓര്‍ത്തു.
അന്നുതൊട്ട് ഈ സസ്യത്തെ ശ്രദ്ധിക്കാന്‍ തുടങ്ങി. തേക്കിന്‍കാട്ടില്‍ അന്ന് ഈ മരമുണ്ടായിരുന്നെങ്കിലും കുറച്ചുകാലത്തിനു ശേഷം ഇത് നിലംപതിച്ചു. എങ്കിലും പുതുനാമ്പുകള്‍ വന്നിരുന്നു. പക്ഷേ വൃക്ഷച്ചുവട്ടില്‍ ചപ്പുചവറുകള്‍ കത്തിച്ചപ്പോള്‍ ഇത് മൊത്തം കരിഞ്ഞുപോയി. അന്നുമുതല്‍ ഈ സസ്യം എവിടെയെങ്കിലുമുണ്ടോ എന്ന അന്വേഷണത്തിലായിരുന്നു ഫാ.ഫ്രാന്‍സിസ് ആലപ്പാട്ട്.
പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അന്വേഷിച്ചിരുന്നു. അവിടത്തെ രണ്ടു ഡോക്ടര്‍മാര്‍ ബംഗളുരുവില്‍ ഒരു സമ്മേളനത്തിന് പോയപ്പോള്‍ അവിടെ നിന്ന് ആലപ്പാട്ടച്ചന് നാലടി ഉയരമുള്ള ചെടി കൊണ്ടുവന്നുകൊടുത്തു. അന്നത്തെ കൊച്ചിന്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.സി.എസ്. മേനോന്റെ സഹകരണത്തോടെ ചെടി തെക്കേഗോപുരനടയില്‍ നട്ട് വേലി കെട്ടി സംരക്ഷിച്ചു.
പൂരക്കാലത്ത് തെക്കേഗോപുരനടയില്‍ തിങ്ങിനിറയുന്ന പുരുഷാരം ഈ ചെടി ചവിട്ടമെതിക്കുമെന്നുള്ളതിനാല് ആ സമയത്ത് മുളകൊണ്ട് സംരക്ഷണ വേലികെട്ടി എന്നെ ചവിട്ടിക്കൊല്ലരുതേ, ഞാന്‍ കുഞ്ഞാണ് ചേട്ടന്മാരേ എന്ന ബാനര്‍ കെട്ടി ചെടി സംരക്ഷിച്ച കഥയും ആലപ്പാട്ടച്ചനു പറയാനുണ്ട്.
ആഫ്രിക്കയിലാണ് ഈ വൃക്ഷം കൂടുതലായി കാണുന്നത്. അടിമുടി ഔഷധഗുണമുള്ളതാണീ മരം. കായയുടെ രൂപം കമണ്ഡലുപോലെയായതിനാല് അലങ്കാരത്തിനായും ഉപയോഗിക്കാറുണ്ട്.ഫാ.ഫ്രാന്‍സിസ് ആലപ്പാട്ടിനൊപ്പം മരം പൂത്തതു കാണാനായി എം.സി.എസ്. മേനോന്റെ മകനും പ്രവാസി വ്യവസായിയുമായ ഡോ.ടി.എ.സുന്ദര്മേനോനുമുണ്ടായിരുന്നു.
സ്വന്തം ലേഖകന്‍