പതിവു തെറ്റാതെ കാഴ്ചസമർപ്പണവുമായി പോലീസ് സേനയും വ്യാപാരികളും ടാക്സി തൊഴിലാളികളും
1460257
Thursday, October 10, 2024 8:21 AM IST
കൊരട്ടി: ഐതിഹ്യ പെരുമകളേറെയുള്ള കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ അത്ഭുത പ്രവർത്തകയായ കൊരട്ടിമുത്തിയുടെ തിരുനാളിന്റെ കൊടിയേറ്റ് ദിനത്തിൽ പൂവൻകുലകളുമായി കാഴ്ചസമർപ്പണത്തിന് പോലീസ് സേനയെത്തി. വർഷങ്ങളായി പാലിച്ചുപോരുന്ന ആചാരത്തെ നെഞ്ചേറ്റിയായിരുന്നു കൊരട്ടി സിഐ അമൃത് രംഗന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ വിശ്വാസ നിറവോടെ മുത്തിയുടെ സന്നിധിയിലെത്തിയത്. കൊരട്ടി ജംഗ്ഷനിൽ നിന്നു വാദ്യമേളങ്ങളുടെ അകമ്പടിയാേടെയാണ് വ്യാപാരി സമൂഹം പൂവൻകുലകളുമായി പള്ളിയിലെത്തിയത്.
പള്ളിയങ്കണത്തിൽ മുത്തിയിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ പ്രഖ്യാപനമായിരുന്നു വ്യാപാരികളുടെ കാഴ്ച സമർപ്പണം. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്് കെ.വി. അബ്ദുൾ ഹമീദ്, ജില്ലാ ഭാരവാഹികളായ എൻ.ആർ.വിനോദ് കുമാർ, ജോയ് മൂത്തേടൻ, യൂണിറ്റ് ഭാരവാഹികളായ ബെന്നി ജോസഫ്, പി.വി.ഫ്രാൻസീസ്, വി.പി.ജോർജ്, വർഗീസ് പൈനാടത്ത്, എം.ഡി.പോൾ എന്നിവർ നേതൃത്വം നൽകി.
ടാക്സി തൊഴിലാളികളും, ലയൺസ് ക്ലബും, വൈഎംസിഎയും, വനിതാ ക്ഷേമസഹകരണ സംഘവും കാഴ്ചസമർപ്പണത്തിന് ഇന്നലെ പൂവൻകുലകളുമായി പള്ളിയിലെത്തി. വികാരി ഫാ.ജോൺസൺ കക്കാട്ട് ഇവരിൽനിന്നും നേർച്ചക്കുലകൾ ഏറ്റുവാങ്ങി.
ഇന്ന് റോസറി വില്ലേജ് ഡേ ആയി
ആഘോഷിക്കും
രാവിലെ അഞ്ചിനും ഏഴിനും വിശുദ്ധ കുർബാന. വൈകീട്ട് അഞ്ചിന് ഫാ.ആന്റോ ചാലിശേരിയുടെ കാർമികത്വത്തിൽ റോസറി വില്ലേജിൽ ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് ജപമാല പ്രദക്ഷിണവും ഉണ്ടായിരിക്കും.
11ന് രാവിലെ 5.30 നും ഏഴിനും വിശുദ്ധ കുർബാന. വൈകീട്ട് അഞ്ചിന് വിശുദ്ധ കുർബാന. തുടർന്ന് ഇടവക ജനങ്ങളുടെ പൂവൻകുല സമർപ്പണം.
12ന് രാവിലെ 5.30ന് വിശുദ്ധ കുർബാന, 7 ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് ഫാ.ജോസ് വടക്കൻ നേതൃത്വം നൽകും. ഒന്പതിന് ലത്തീൻ റീത്തിൽ നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ.ബിജു തട്ടാരശേരി കാർമികനാകും.
10.30ന് ഇടവകയിലെ വൈദികർ അർപ്പിക്കുന്ന ആഘോഷമായ സമൂഹബലി, 1.30നും (ഇംഗ്ലീഷ് ഭാഷയിൽ) മൂന്നിനും വിശുദ്ധ കുർബാന (മലങ്കര റീത്ത്). വൈകീട്ട് അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോസ് പൊള്ളയിൽ കാർമികനാകും. തിരുനാൾ ദിനമായ 13ന് പുലർച്ചെ അഞ്ചിന് വർഷത്തിൽ ഒരിക്കൽ മാത്രം പുറത്തെടുക്കുന്ന മുത്തിയുടെ അത്ഭുത രൂപം മദ്ബഹയിൽ നിന്നു ഭക്തജനങ്ങൾക്ക് വണങ്ങുന്നതിനായി എഴുന്നള്ളിച്ച് വയ്ക്കും. വികാരി ഫാ. ജോൺസൺ കക്കാട്ട് മുഖ്യകാർമികനാകും. തുടർന്ന് അത്ഭുത രൂപം രൂപപ്പുരയിലേക്ക് കൊണ്ടു പോകും. 8ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ.ജെസ്റ്റിൻ കൈപ്രമ്പാടൻ നേതൃത്വം നൽകും.
10.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് ഫാ.തോമസ് വൈക്കത്തുപറമ്പൻ കാർമികനാകും. ഫാ.റോക്കി കൊല്ലംകുടി വചനസന്ദേശം നൽകും. ഉച്ചയ്ക്ക് ഒന്നിന് തമിഴിൽ ഫാ.ആരോഗ്യദാസ് ദിവ്യബലി അർപ്പിക്കും. ഉച്ചതിരിഞ്ഞ് 2.30 ന് വിശുദ്ധ കുർബാനയ്ക്ക് ഫാ.പോൾ മൊറേലി നേതൃത്വം നൽകും. തുടർന്ന് മുത്തിയുടെ അത്ഭുത രൂപം എഴുന്നള്ളിച്ച് നാലങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണം. പ്രദക്ഷിണത്തിനു ശേഷം സുറിയാനി ഭാഷയിൽ ഫാ.പോൾസൺ പെരേപ്പാടന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. 7.30 നും 9.30 നും നടക്കുന്ന വിശുദ്ധ കുർബാനക്ക് ശേഷം 11.30 ന് രൂപം തിരിച്ചു മദ്ബഹയിൽ കയറ്റിവയ്ക്കും.