ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽ ആഫ്രിക്കന്‍ ഒച്ചുശല്യം രൂക്ഷം
1570876
Saturday, June 28, 2025 1:50 AM IST
ഇരിങ്ങാലക്കുട: നഗരസഭയിലെ 16-ാം വാര്‍ഡില്‍ പെട്ട ഗാന്ധിഗ്രാമിലെ ഡ്രൈവിംഗ് ഗ്രൗണ്ടിനു സമീപം താമസിക്കുന്നവര്‍ക്ക് ഇപ്പോള്‍ കൂട്ടായിട്ടുള്ളത് ആയിരക്കണക്കിന് ആ ഫ്രിക്കന്‍ ഒച്ചുകള്‍.
വീടിനുള്ളിലും പുറത്തും മതിലിലും എന്നുവേണ്ട തൊടിയിലെ ഓരോ ഇലത്തുമ്പിലും തുടങ്ങി കുടിക്കുന്ന വെള്ളത്തില്‍ വരെ ഒച്ചുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സദാസമയവും കണ്ടു കണ്ട് ഇവയോടുള്ള അറപ്പും വെറുപ്പുമെല്ലാം മാറി ഇപ്പോള്‍ തീര്‍ത്തും നിസംഗതയാണ് തോന്നുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഉപ്പാണ് ഒച്ചുകള്‍ക്കുള്ള പ്രതിവിധി. ഇഴഞ്ഞെത്തുന്ന ഒച്ചുകള്‍ക്ക് മീതെ ഉപ്പ് വിതറി വിതറി ഇവര്‍ക്കും മടുത്തു തുടങ്ങി. ഇവയുടെ മേല്‍ ഉപ്പ് വിതറുമ്പോള്‍ തെറിക്കുന്ന വെള്ളം ദേഹത്തായാല് കലശലായ ചൊറിച്ചിലും തുടങ്ങും. രാവിലെ എഴുന്നേറ്റാല്‍ ഈ പ്രദേശത്തുള്ളവരുടെ പ്രധാന ദൈനംദിന പ്രവൃത്തി ഒച്ചിനെ കൊല്ലുക എന്നതായി മാറിയിരിക്കുന്നു.
മഴ കനത്തതോടെ ഇവയ്ക്ക് മുകളില്‍ ഉപ്പ് വിതറാന്‍ കൂടി കഴിയാതെയായി. ഇതോടെ ഒച്ചിനെ തടഞ്ഞ് നടക്കാന്‍ വയ്യാത്ത അവസ്ഥയാണ്. ഈ തീരാദുരിതം തുടങ്ങിയിട്ട് മൂന്നു വര്‍ഷത്തിലേറെയായി. പരാതികളേറെ ചെന്നിട്ടും ഇവയെ ഉന്മൂലനം ചെയ്യാനുള്ള നടപടികളൊന്നും ഇതുവരെയും ബന്ധപ്പെട്ടവര്‍ ചെയ്തില്ലെന്ന ഗുരുതരമായ പരാതിയാണ് ഇവിടത്തുകാര്‍ക്ക് പറയാനുള്ളത്.
ചെടികളില്‍ ഒരു ഇളനാമ്പ് പോലും ബാക്കി വെയ്ക്കാതെ തിന്നു തീര്‍ക്കുന്ന ഇവയുടെ പെരുപ്പം ഇവിടത്തെ ജനജീവിതം ഏറെ ദുസ്സഹമാക്കുകയാണ്.
ബന്ധപ്പെട്ടവര്‍ ഇടപെട്ട് എത്രയും വേഗം ഈ പ്രദേശത്തെ ആഫ്രിക്കന്‍ ഒച്ചുകളുടെ പെരുക്കത്തിന് ഒരു പ്രതിവിധി കണ്ടെത്തണ മെന്നാണ് നാട്ടുകാരുടെ ആവശ്യം.