മടത്തുംപടി സ്മാർട്ട് വില്ലേജ് ഓഫീസ്: തുറക്കാൻ ഹൈക്കോടതിയോട് ആറുമാസം സമയംതേടി റവന്യൂ വകുപ്പ്
1570878
Saturday, June 28, 2025 1:50 AM IST
മാള: മടത്തുംപടി സ്മാർട്ട് വില്ലേജ് ഓഫീസ് തുറക്കാൻ ഹൈക്കോടതിയോട് ആറുമാസം സമയം തേടി റവന്യൂ വകുപ്പ്. മൂന്നു മാസത്തിനുള്ളിൽ ഓഫീസ് തുറക്കണമെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് ഈ നീക്കം. വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകാൻ തീരുമാനിച്ചിരുന്നെ ങ്കിലും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം അപ്പീൽ നിലനിൽക്കില്ലെന്നായിരുന്നു. തുടർന്നാണ് ആറുമാസത്തെ സമയം ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
മടത്തുംപടി സ്മാർട്ട് വില്ലേജ് ഓഫീസ് എല്ലാ സൗകര്യങ്ങളോടുകൂടി മൂന്നു മാസത്തിനുള്ളിൽ പ്രവർത്തന സജ്ജമാക്കണമെന്നായിരുന്നു ഹൈക്കോടതി വിധി.
മാളയിലെ പൊതുപ്രവർത്തകൻ ഷാന്റി ജോസഫ് തട്ടകത്ത് നൽകിയ ഹർജിയെ തുടർന്നാണ് സംസ്ഥാന ചീഫ് സെക്രട്ടറി, അഡിഷ്ണൽ ചീഫ് സെക്രട്ടറി എന്നിവരോട് ഉത്തരവ് നടപ്പിലാക്കാൻ കോടതി ആവശ്യപ്പെട്ടത്.
ഉദ്ഘാടനം കഴിഞ്ഞു രണ്ട് വർഷമായിട്ടും മടത്തുംപടി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം ആരംഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ഷാന്റി ജോസഫ് സർക്കാരിലേക്കു പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
രണ്ട് മാസത്തിനുള്ളിൽ ഈ വിഷയത്തിൽ തീർപ്പുണ്ടാക്കാൻ ഉത്തരവിട്ടെങ്കിലും സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമായതിനാൽ പൊയ്യ ഗ്രൂപ്പ് വില്ലേജ് ഓഫീസ് വിഭജിച്ച് മടത്തുംപടി സ് മാർട്ട് വില്ലേജ് പ്രവർത്തിപ്പിക്കാൻ മതിയായ ജീവനക്കാരെ നിയമിക്കാൻ സാധ്യമല്ലയെന്നുള്ള ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചത്. ഇതേത്തുടർന്ന് വീണ്ടും ഹൈക്കോടതിൽ ഫയൽചെയ് ത ഹർജിയിലാണ് അനുകൂല വിധി.
റവന്യു മന്ത്രി ഉദ്ഘാടനം ചെയ്ത സ്മാർട്ട് വില്ലേജ് ഓഫീസ് തുറക്കാൻ കോടതി നിർദേശിച്ചിട്ടും അപ്പീൽ നൽകാൻ റവന്യു വകുപ്പ് ശ്രമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സ്മാർട്ട് വില്ലേജ് ഓഫീസ് പ്രവർത്തന സജ്ജമാക്കാൻ ആറുമാസം സമയം കൂടി സർക്കാർ ചോദിച്ചതതിനെ കോടതിയിൽ എതിർക്കില്ലെന്നും ഷാന്റി ജോസഫ് പറഞ്ഞു.