അപകടങ്ങൾ വരും, പോകും; അനങ്ങാതെ കോർപറേഷൻ
1570881
Saturday, June 28, 2025 1:50 AM IST
തൃശൂർ: ജില്ലയിൽ പഴയ കെട്ടിടം തകർന്നുള്ള അപകടങ്ങൾ വർധിച്ചിട്ടും കോർപറേഷൻ പരിധിയിലെ 271 കെട്ടിടങ്ങളുടെ കാര്യത്തിൽ നടപടിയില്ല. നിയമക്കുരുക്ക് ചൂണ്ടിക്കാട്ടിയാണ് നടപടികളിൽനിന്ന് പിന്നാക്കംപോകുന്നത്. മൂന്നു വിഭാഗങ്ങളാക്കി തിരിച്ചു നോട്ടീസ് നൽകിയതും പൂരംനാളുകളിൽ ആളുകളെ കയറ്റുന്നതു വിലക്കുന്നതുമാണ് ആകെയുള്ള നടപടി.
ബലക്ഷയം പരിഹരിക്കണമെന്ന് അസിസ്റ്റന്റ് എൻജിനീയർ കൗണ്സിലിൽ വിശദീകരിച്ചിരുന്നു. എംഒ റോഡ്, ഹൈറോഡ്, അരിയങ്ങാടി, എംജി റോഡ്, ഷൊർണൂർ റോഡ്, പടിഞ്ഞാറെക്കോട്ട, ചെട്ടിയങ്ങാടി, പോസ്റ്റ് ഓഫീസ് റോഡ്, ജയ്ഹിന്ദ് മാർക്കറ്റ് എന്നിവിടങ്ങളിലാണു ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളിലേറെയും.
കഴിഞ്ഞമാസം 23നു കോർപറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ട്രസ് തകർന്ന് മുനിസിപ്പൽ സ്റ്റാൻഡിനു സമീപത്തെ തിരക്കേറിയ റോഡിൽ വീണു. 26നു മനോരമ ബിൽഡിംഗിന്റെ മേൽക്കൂരയും ചുമരും തകർന്നു. കെട്ടിടത്തിന്റെ അപകടാവസ്ഥയിലുള്ള ഭാഗങ്ങൾ പിന്നീടു പൊളിച്ചുനീക്കി. കഴിഞ്ഞ 17ന് പുത്തൻപള്ളിക്കു സമീപം പെരിഞ്ചേരി ടോണിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടവും വീണു. കോടതിയിൽനിന്നുള്ള ഇടക്കാല ഉത്തരവു വാങ്ങിയാണു പല കെട്ടിടങ്ങളും നടപടികൾ ഒഴിവാക്കുന്നത്.
2023ൽ ഓംബുഡ്സ്മാനും മനുഷ്യാവകാശ കമ്മീഷനും കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവിട്ടു. നടപ്പാക്കാതിരുന്നതോടെ ചാലക്കുടി സ്വദേശി ബാബു ജോസഫ് വീണ്ടും മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതോടെ കളക്ടറോടും കോർപറേഷൻ സെക്രട്ടറിയോടും കെട്ടിടങ്ങളുടെ പട്ടികയും സ്വീകരിച്ച നടപടിയും ആവശ്യപ്പെട്ട് ഉത്തരവിട്ടിരുന്നു.
കെട്ടിടങ്ങൾ പൊളിക്കാനും ലൈസൻസുകളും ഒക്യുപ്പൻസികളും റദ്ദാക്കാനും വീഴ്ചവരുത്തിയ കെട്ടിട ഉടമകൾ, ലൈസൻസികൾ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരേ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്നും ചാലക്കുടി സ്വദേശി ബാബു ജോസഫ് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2019 ഓഗസ്റ്റ് 12നു റൗണ്ട് സൗത്തിലെ മേനാച്ചേരി ബിൽഡിംഗ് തകർന്നതോടെയാണു പഴകിയ കെട്ടിടങ്ങൾ പൊളിക്കണമെന്ന ആവശ്യം ഉയർന്നത്.