ചിമ്മിനി ഡാം: കൂടുതല്‍ വെള്ളം തുറന്നുവിട്ടുതുടങ്ങി
1570882
Saturday, June 28, 2025 1:50 AM IST
പാലപ്പിള്ളി: ചിമ്മിനി ഡാമില്‍നിന്നു കൂടുതല്‍ വെള്ളം തുറന്നുവിട്ടുതുടങ്ങി. ഡാമിലെ ജലവിതാനം ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ വെെകിട്ട് നാലുമുതല്‍ സെക്കന്‍ഡില്‍ അഞ്ചുഘനമീറ്റര് വെള്ളമാണ് തുറന്നുവിട്ടത്. ഇന്നു രാവിലെ മുതല്‍ വീണ്ടും അഞ്ചുഘനമീറ്റര് വെള്ളവും കൂടുതലായി ഡാമിന്റെ സ്ലൂയിസ് വാല്‍വ് വഴി കുറുമാലിപ്പുഴയിലേക്ക് തുറന്നുവിടും. 76.4 മീറ്റര്‍ ജലസംഭരണ ശേഷിയുള്ള ഡാമില്‍ ഇന്നലെ 71.54 മീറ്ററാണ് ജലനിരപ്പ്. കഴിഞ്ഞവര്‍ഷം ജൂലൈ 26ന് ഡാമിലെ ജലവിതാനം 57.40 മീറ്റര്‍ ആയിരുന്നു.
നിലവില്‍ വൈദ്യുതി ഉത്പാദനത്തിനായി കെഎസ്ഇബിയുടെ സ്ലൂയിസ് വാല്‍വിലൂടെയും ജലസേചനവകുപ്പിന്റെ സ്ലൂയിസ് വാല്വിലൂടെയുമായി സെക്കന്‍ഡില്‍ 12.72 ഘനമീറ്റര്‍ വെള്ളം തുറന്നുവിടുന്നുണ്ട്. ഇത് ഇന്നുമുതല്‍ സെക്കന്‍ഡില്‍ 22.72 ഘനമീറ്ററായി ഉയരും.
ഡാമില്‍നിന്നു കൂടുതല്‍ വെള്ളം തുറന്നുവിടുന്നതോടെ കുറുമാലിപ്പുഴയില്‍ നിലവിലുള്ളതില്‍നിന്നു 20 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരാമെന്നും പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്നും അതികൃതര്‍ അറിയിച്ചു.