കടലില്‍ കുടുങ്ങിയ വള്ളവും മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി
1570885
Saturday, June 28, 2025 1:50 AM IST
ചാവക്കാട്: മത്സ്യബന്ധനത്തിനിടയിൽ എൻജിൻ നിലച്ച് കടലിൽകുടുങ്ങിയ 40 മത്സ്യത്തൊഴിലാളികളേയും വള്ളവും രക്ഷപ്പെടുത്തി. ചേറ്റുവ ഹാർബറിൽനിന്ന് ഇന്നലെ പുലർച്ചെ മത്സ്യബന്ധനത്തിനുപോയ വള്ളമാണ് കടലില്‍ കുടുങ്ങിയത്.
ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. ചേറ്റുവ കടലില്‍നിന്ന് അഞ്ച് നോട്ടിക്കല്‍മൈല്‍ അകലെ വാടാനപ്പിള്ളി തെക്കുപടിഞ്ഞാറ് ഭാഗത്താണ് തടകത്തമ്മ എന്ന ഇൻ ബോർഡ് വള്ളവും കഴിമ്പ്രം, വലപ്പാട് സ്വദേശികളായ തൊഴിലാളികളും കുടുങ്ങിയത്. കഴിമ്പ്രം സ്വദേശി ഇരിങ്ങാതിരുത്തി മണിയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശംലഭിച്ചത്.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സീമയുടെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിംഗ് ഓഫീസർമാരായ വി.എം. ഷൈബു, വി.എൻ പ്രശാന്ത്കുമാർ, ഇ.ആർ. ഷിനിൽകുമാർ, മുനയ്ക്കകടവ് തീരദേശപോലീസ് സ്റ്റേഷനിലെ സിപിഒമാരായ അവിനാഷ്, റെസ്ക്യൂ ഗാര്‍ഡുമാരായ ഷിഹാബ്, അജിത്ത്, കൃഷ്ണപ്രസാദ്, ബോട്ട് സ്രാങ്ക് റസാക്ക്, ഡ്രൈവർ റഷീദ് മുനയ്ക്കകടവ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വംനല്കി.