അനധികൃത മത്സ്യബന്ധനം: മൂന്നു വള്ളങ്ങൾ പിടികൂടി
1570886
Saturday, June 28, 2025 1:50 AM IST
ചാവക്കാട്: അനധികൃതമായി മത്സ്യബന്ധനംനടത്തിയ മൂന്ന് ഫൈബർ വള്ളങ്ങൾ പിടികൂടി. ട്രോളിംഗ് നിരോധനകാലത്ത് മത്സ്യബന്ധനം നടത്തിയ മൂന്ന് ഫൈബർ വള്ളങ്ങളാണ് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘം പിടികൂടിയത്. കടൽ അടിത്തട്ട് മത്സ്യങ്ങളെ പിടികൂടുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.
വലയിൽ കുരുങ്ങുന്നത് ഭൂരിഭാഗവും അടിത്തട്ടിലെ പ്രജനനത്തിന് പാകമായ മത്സ്യങ്ങളാണ്. നിയമവിരുദ്ധമായി ഇത്തരത്തിൽ പിടിച്ചെടുക്കുന്ന മത്സ്യങ്ങൾ ഹാർബറുകളിൽ എത്തിക്കാതെ ചില തരകൻമാരുടെ നേതൃത്വത്തിൽ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് രാത്രികാലങ്ങളിലിറക്കി വാഹനങ്ങളിൽ കയറ്റികൊണ്ടുപോകുന്നതായി വിവര ലഭിച്ചതിനെ തുടർന്നാണ് അഴീക്കോട് ഫിഷറീസ് - മറൈൻ എൻഫോസ്മെന്റ് സംഘം പരിശോധന നടത്തിയത്.
തിരുവനന്തപുരം പൊഴിയൂർ സ്വദേശികളുടെ ഉടമസ്ഥയിലുള്ള സെന്റ് പോൾ, സാമുവൽ, യഹോവ ശാലോം എന്നീ മത്സ്യബന്ധനവള്ളങ്ങളാണ് പിടികൂടിയത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ റിപ്പോർട്ടിന്മേൽ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നടപടിയെടുത്തു. ഇവിരിൽനിന്ന് 85,000 രൂപ പിഴ ചുമത്തി. മുന്ന് വള്ളങ്ങളിൽനിന്നു 800 കിലോ കിളിമീനും 400 കിലോ അരണ മത്സ്യവും കണ്ടെടുത്തു. മത്സ്യം പരസ്യലേലം ചെയ്തത് ലഭിച്ച 3,43,900 രൂപയും ട്രഷറിയിൽ അടച്ചു. അഴിക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ സി. സീമ, എഎഫ്ഇഒ സംനഗോപൻ, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിഭാഗം ഉദ്യേഗസ്ഥരായ വി.എം. ഷൈബു, വി.എൻ. പ്രശാന്തകുമാർ, ഇ.ആർ. ഷിനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.