സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിനും കടകൾക്കുംനേരേ ആക്രമണം
1570887
Saturday, June 28, 2025 1:50 AM IST
അരിമ്പൂർ: ഗോപി മാച്ച് വർക്ക്സിന് സമീപമുള്ള സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിനും പ്രദേശത്തെ തട്ടുകടകൾക്കുനേരെയും സാമൂഹികവിരുദ്ധരുടെ ആക്രമണം. വ്യാഴാഴ്ച രാത്രിയാണ് സംഭവം. താഴത്തെ നിലയിലുള്ള സിപിഎം ഓഫീസിൽ ഉണ്ടായിരുന്ന രേഖകളും കൊടികളും നശിപ്പിക്കാൻ ശ്രമംനടന്നു.
രജിസ്റ്റർ ബുക്ക് നശിപ്പിച്ചു. മറ്റു സാധന സാമഗ്രികളും എറിഞ്ഞ നിലയിലാണ്. മുകളില്‍ ഡിവൈഎഫ്ഐയുടെ മുറിയിൽ സൂക്ഷിച്ചിരുന്ന റെഡ് വോളന്റിയർമാരുടെ യൂണിഫോം, ഷൂസ്, ലൈബ്രറിയിലെ പുസ്തകങ്ങൾ എന്നിവയും നശിപ്പിക്കാൻ ശ്രമിക്കുകയും സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് എറിഞ്ഞുകളയുകയും ചെയ്തു. ഡിവൈഎഫ്ഐയുടെ മിനിറ്റ്സ് പുസ്തകം കീറി നശിപ്പിച്ചു.
ഇന്നലെ രാവിലെ സമീപവാസികളാണ് ഷർട്ടുകളും പുസ്തകങ്ങളും പറമ്പിൽ കിടക്കുന്നതുകണ്ട് ഭാരവാഹികളെ വിവരമറിയിച്ചത്. വിവരമറിഞ്ഞ് സിപിഎം അരിമ്പൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഗോപിദാസൻ, കുന്നത്തങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. രാഗേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്ഥലത്തെത്തി. അന്തിക്കാട് പോലീസിൽ പരാതി നൽകി. കുന്നത്തങ്ങാടി, നാലാംകല്ല്, അരിമ്പൂര്‍ എന്നിവിടങ്ങളിലായി ഇന്നലെ രാത്രിയിൽ തട്ടുകടകൾ അടക്കം നാലുകടകളിൽ ആക്രമണംനടത്തി സാധനസാമഗ്രികൾ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി.