കേരള കാറ്റേഴ്സ് അസോസിയേഷൻ പ്രചാരണജാഥ 30 മുതൽ
1570889
Saturday, June 28, 2025 1:50 AM IST
തൃശൂർ: അവശ്യസാധനങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ചും അനധികൃത കാറ്ററിംഗ് സ്ഥാപനങ്ങളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടും ജൂലൈ എട്ടിനു നടത്തുന്ന സെക്രട്ടേറിയറ്റ് ധർണയുടെ ഭാഗമായി ജില്ലയിൽ വാഹനപ്രചാരണജാഥ സംഘടിപ്പിക്കുമെന്നു കേരള കാറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
മുപ്പതിനു രാവിലെ ഒന്പതിനു കുന്നംകുളത്തുനിന്ന് ആരംഭിക്കുന്ന പ്രചാരണജാഥ ജൂലൈ മൂന്നിനു ചാലക്കുടിയിൽ സമാപിക്കും. ആദ്യദിവസം പാവറട്ടി, ഒരുമനയൂർ, ചാവക്കാട്, മുല്ലശേരി, വാടാനപ്പിള്ളി, തൃപ്രയാർ, മൂന്നുപീടിക, മതിലകം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കൊടുങ്ങല്ലൂരിൽ സമാപിക്കും.
ജൂലൈ ഒന്നിനു പഴയന്നൂരിൽനിന്ന് ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം മണ്ണുത്തിയിലും രണ്ടിനു തലോരിൽനിന്ന് ആരംഭിച്ച് കോടാലിയിലും സമാപിക്കും. മൂന്നിന് ഉച്ചയ്ക്കു രണ്ടിനു ചാലക്കുടി ആനമലയിൽനിന്ന് കാൽനടജാഥയോടെ ചാലക്കുടി ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിക്കും.
പത്രസമ്മേളനത്തിൽ പി.എം. ഷമീർ, ബാലൻ കല്യാണി, എ.പി. പോൾസൺ, യു. സുരേഷ് എന്നിവർ പങ്കെടുത്തു.