ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ദുക്റാന ഊട്ടുതിരുനാള് മൂന്നിന്
1570890
Saturday, June 28, 2025 1:50 AM IST
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകമധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മയാചരിക്കുന്ന ജൂലൈ മൂന്നിന് ദുക്റാന ഊട്ടുതിരുനാള് ആഘോഷിക്കും. 25,000 പേര്‍ക്ക് ഒരുക്കുന്ന നേര്‍ച്ചസദ്യ കത്തീഡ്രല്‍ അങ്കണത്തിലെ പന്തലില്‍ രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
ജൂണ്‍ 30, ജൂലൈ ഒന്ന്, രണ്ട് തീയതികള്‍ (തിങ്കള്‍, ചൊവ്വ, ബുധന്‍) ഉപവാസപ്രാര്ഥനാദിനങ്ങളായി ആചരിക്കും. ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുവരെ ഇടവകദേവാലയത്തില്‍ ദൈ വ വചനപാരായണം ഉണ്ടായിരിക്കും. ഈ മൂന്നുദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുവരെ ഇടവകജനം മുഴുവനും ഉപവസിച്ചും ദൈവവചനം വായിച്ചും ഇടവകയുടെ മുഴുവന്‍ വിശുദ്ധീകരണത്തിനായി ഒരുങ്ങും.
ഇടവകദിനമായ നാളെ രാവിലെ 7.30 ന് നടക്കുന്ന ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകീട്ട് അഞ്ചിന് ലദീഞ്ഞ്, നൊവേന, ദിവ്യബലി. ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ റെക്ടര്‍ ഫാ. ഇമ്മാനുവേല്‍ വട്ടക്കുന്നേല്‍ എസ്ഡിബി മുഖ്യകാര്‍മികത്വം വഹിക്കും. വൈകീട്ട് ഏഴിനു നടക്കുന്ന പൊതുസമ്മേളനം രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനാനന്തരം ഇടവകയിലെ കലാപ്രതിഭകള്‍ അണിനിരക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഉള്‍പ്പെടുന്ന കലാസന്ധ്യയും ഉണ്ടായിരിക്കും.
ജൂലൈ രണ്ടിന് വൈകീട്ട് 5.30ന് പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, നൊവേന, ദിവ്യബലി. ഇടവക സമര്പ്പിതകൂട്ടായ്മ സെക്രട്ടറി ഫാ. മില്‍നര്‍ വിതയത്തില്‍ സിഎംഐ മുഖ്യകാര്‍മികനായിരിക്കും. തുടര്‍ന്ന് രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍.
തിരുനാള്‍ദിനമായ മൂന്നിനു രാവിലെ ആറിന് ദിവ്യബലി, 7.30ന് നടക്കുന്ന ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഊട്ടുനേര്‍ച്ച വെഞ്ചരിപ്പ്, 10.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. റെനില്‍ കാരാത്ര മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ഫ്രീജോ പാറയ്ക്കല്‍ തിരുനാള്‍സന്ദേശം നല്‍കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം.
ഊട്ടുതിരുനാളിനു ലഭിക്കുന്ന സംഭാവനയില് ചെലവുകഴിച്ച് ബാക്കിവരുന്ന തുക ഇടവകയുടെ നേതൃത്വത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതികളുടെ പുനരധിവാസത്തിനായി നടത്തിവരുന്ന സാന്ത്വനസദനത്തിന്റെ സംരക്ഷണത്തിനായി നീക്കിവയ്ക്കും.
വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസി. വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, തിരുനാള്‍ ജനറല്‍ കണ്‍വീനറും ട്രസ്റ്റിയുമായ ബാബു ജോസ് പുത്തനങ്ങാടി, കൈക്കാരന്മാരായ തിമോസ് പാറേക്കാടന്‍, പോള്‍ ചാമപ്പറമ്പില്‍, ജോമോന് തട്ടില്‍ മണ്ടി ഡേവി, കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍, തിരുനാള്‍ ജോയിന്റ്് കണ്‍വീനര്‍മാരായ ഷാജു പന്തലിപ്പാടന്‍, ജിജി പള്ളായി, രഞ്ചി അക്കരക്കാരന്‍, ജോസ് ജി. തട്ടില്‍, പബ്ലിസിറ്റി കണ്‍വീനര്‍ പി.ടി. ജോര്‍ജ് പള്ളന്‍, ജോയിന്റ് കണ്‍വീനര്‍ ജോബി പള്ളായി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.