വടക്കഞ്ചേരി ലൂർദ്മാതാ ഇടവക ഫൊറോനയായി ഉയർത്തിയിട്ട് 25 വർഷം
1263826
Wednesday, February 1, 2023 12:30 AM IST
വടക്കഞ്ചേരി: പാലക്കാട് രൂപതയിലെ പ്രഥമ മരിയൻ തീർഥാടന കേന്ദ്രമായ വടക്കഞ്ചേരി ലൂർദ്ദ്മാതാ ഫൊറോന ദേവാലയത്തിലെ ലൂർദ്ദ് മാതാവിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാൾ ഫെബ്രുവരി മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിലായി ആഘോഷിക്കുമെന്ന് തിരുനാൾ ആഘോഷ കമ്മിറ്റി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
വടക്കഞ്ചേരി ഇടവകയെ ഫൊറോനയായി ഉയർത്തിയതിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളും ഇതോടൊപ്പം നടക്കും. മൂന്നിന് വൈകീട്ട് അഞ്ചിന് കൊടിയേറ്റ്, ലദീഞ്ഞ്, കുർബാന. മംഗലംഡാം സെന്റ് സേവിയേഴ്സ് ഫൊറോന പള്ളി വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ കാർമികനാകും. തുടർന്ന് ദീപാലങ്കാരം സ്വിച്ച് ഓണ്‍ കർമ്മം, നാസിക് ഡോൾ മേളം. നാലിന് വൈകീട്ട് നാലിന് രൂപം എഴുന്നള്ളിക്കൽ, ലദീഞ്ഞ്, കുർബാന. നവ വൈദീകൻ ഫാ. റോഷിൻ
പൊന്മണിശേരി കാർമികത്വം വഹിക്കും.
പാലക്കുഴി പുഷ്പഗിരി ആശ്രമത്തിലെ ഫാ. ഷാബിൻ കാരക്കുന്നേൽ സന്ദേശം നൽകും. രാത്രി ഏഴിന് ചെറുപുഷ്പം സ്കൂളിൽ തിരുവനന്തപുരം ട്രാക്സ് അവതരിപ്പിക്കുന്ന ഗാനമേള. അഞ്ചിന് രാവിലെ ഏഴിന് കുർബാന. ഫാ. ജോജി പ്ലാംപറന്പിൽ, ഫാ. ബനഡിക്ട് വടക്കേക്കര എന്നിവർ കാർമികരാകും.
വൈകീട്ട് 3. 30ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാന. നെല്ലിയാന്പതി ഒൗർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ പള്ളി വികാരി ഫാ. കുര്യാക്കോസ് മാരിപ്പുറത്ത് കാർമികനാകും. കോഴിക്കോട് സിയോൻ പ്രൊവിൻസ് പ്രൊവിൻഷ്യാൾ ഫാ. മാത്യു ഓലിക്കൽ സന്ദേശം നൽകും.
തുടർന്ന് ടൗണ്‍ ചുറ്റി തിരുനാൾ പ്രദക്ഷിണം. ബാന്റ്മേള സംഗമം. കരിമരുന്നു കലാപ്രകടനം. ആറിന് രാവിലെ 6.30ന് ഇടവകയിലെ മരിച്ചവർക്കായുള്ള കുർബാന.
ആരോഗ്യപുരം സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോജി വടക്കേക്കര, ഗുജറാത്ത് വഡോദര സീറോ മലബാർ മിഷനിലെ ഫാ.ടോം വടക്കേക്കര, പിഎസ്എസ്പി അസിസ്റ്റൻറ് ഡയറക്ടർ ഫാ. ക്രിസ് കോയിക്കാട്ടിൽ, കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോനാപള്ളി അസിസ്റ്റന്റ് വികാരി ഫാ. ആനന്ദ് അന്പൂക്കൻ എന്നീ ഇടവകാംഗങ്ങളായ വൈദീകർ കാർമികരാകും. ഒട്ടേറെ വിശ്വാസികൾ എത്തുന്ന പള്ളിയോട് ചേർന്നുള്ള നിത്യാരാധന ചാപ്പലിന്റെ പതിനഞ്ചാം വാർഷികവും ഇതോടൊപ്പം നടക്കുന്നുണ്ട്.
തിരുനാൾ പരിപാടികൾ വിശദീകരിച്ച പത്രസമ്മേളനത്തിൽ വികാരി ഫാ. ജെയ്സണ്‍ കൊള്ളന്നൂർ, സഹവികാരി ഫാ.അമൽ വലിയവീട്ടിൽ, തിരുനാൾ കമ്മിറ്റി ജനറൽ കണ്‍വീനർ ജോണി ഡയൻ കാരുവള്ളിൽ, കൈകാരന്മാരായ റെജി പൊടിമറ്റത്തിൽ, ഷാജി ആന്റണി ചിറയത്ത്, ജോയിന്റ് ജനറൽ കണ്‍വീനർ വിൽസണ്‍ കൊള്ളന്നൂർ, പബ്ലിസിറ്റി കണ്‍വീനർ ഫ്രാൻസിസ് തയ്യൂർ, ടെന്നി തുറുവേലിൽ തുടങ്ങിയവർ പങ്കെടുത്തു.