താണാവ്- നാട്ടുകൽ ദേശീയപാതയിൽ ഒരു വർഷം 60 അപകടങ്ങൾ
1283380
Sunday, April 2, 2023 12:21 AM IST
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയ പാതയിലെ ഒലവക്കോട് താണാവ് മുതൽ ജില്ലാ അതിർത്തിയായ നാട്ടുകൽവരെയൂള്ള റോഡ് വീതികൂട്ടി പുനർനിർമിച്ചതോടെ അപകടങ്ങൾ പെരുകിയതായി കണക്കുകൾ. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ചെറുതും വലുതുമായി 60 വാഹനാപകടങ്ങളാണ് ഈ മേഖലയിൽ ഉണ്ടായത്.
നിർമാണം അവസാന ഘട്ടത്തിൽ എത്തിയപ്പോഴും വളവുകളും ഇറക്കങ്ങളും ചെരിവുകളും റോഡിലെ മിനുസവും അപകടങ്ങൾക്കിടയാക്കുന്നതായാണ് പരാതി. പുതിയ പാലങ്ങളും റോഡുകളും പൂർണമായും പുനർനിർമിച്ചെങ്കിലും വളവുകൾ നിവർത്താതെ റോഡുകൾ നിർമിച്ചതാണ് വില്ലനായിരിക്കുന്നത്. നിർമാണം കഴിഞ്ഞ റോഡിലൂടെ അമിത വേഗത്തിൽ വരുന്ന ടാങ്കറും ടോറസുമടക്കമുള്ള വാഹനങ്ങൾ നിയന്ത്രണം വിട്ട് എതിരെ വരുന്ന വാഹനങ്ങളിൽ ഇടിച്ച് മറിയുന്നത് പതിവാണ്. കഴിഞ്ഞ ദിവസം കാഞ്ഞിക്കുളം മില്ലിനു സമീപമുള്ള വളവിൽ വാഴക്കുലകൾ കയറ്റി വന്ന പിക്കപ്പ് വാൻ എതിരെവന്ന ബൈക്കിൽ ഇടിച്ചു മറിഞ്ഞതാണ് ഏറ്റവും പുതിയ അപകടം. അപകടത്തിൽ ഇരുവാഹനങ്ങളിലേയും ഡ്രൈവർമാർക്ക് പരിക്കേറ്റു. മുണ്ടൂർ മുതൽ വിയക്കുറിശി വരെയുള്ള ഭാഗത്ത് നിത്യേന അപകടങ്ങൾ സംഭവിക്കുന്നുണ്ട്.
ഒലവക്കോടു മുതൽ നാട്ടുകൽ വരെയുള്ള ഭാഗത്ത് കഴിഞ്ഞ 12 മാസത്തിനിടയിൽ 12 പേർ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മഴക്കാലമാകുന്നതോടെ വാഹനങ്ങൾ തെന്നി മറിയാനും മറ്റ് വാഹനങ്ങളിൽ ചെന്നിടിക്കാനും സാധ്യത കൂടുതലാണ്. വളവുകൾ നിവർത്തി റോഡ് പുനർനിർമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.