കട്ടച്ചിറ പള്ളിക്കു മുന്പിൽ യാക്കോബായ ഡീക്കൻ ഉപവാസ സമരം തുടങ്ങി
Monday, August 19, 2019 12:32 AM IST
കായംകുളം: തർക്കം നിലനിൽക്കുന്ന കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ പ്രാർഥനയ്ക്കെത്തിയ യാക്കോബായ ഇടവകാംഗങ്ങളെ ഓർത്തഡോക്സ് വിഭാഗം തടഞ്ഞെന്ന് ആരോപിച്ചു കട്ടച്ചിറയിൽ യാക്കോബായവിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. യാക്കോബായ വിഭാഗം സത്യവിശ്വാസ സംരക്ഷണ സമിതി ജനറൽ കണ്‍വീനർ ഡീക്കൻ തോമസ് കയ്യത്രയുടെ നേതൃത്വത്തിൽ പള്ളിക്ക് മുന്പിൽ ഉപവാസ സമരം ആരംഭിച്ചു.
ഇന്നലെ രാവിലെ പള്ളിയിൽ ഖബറിങ്കൽ പ്രാർഥനയ്ക്ക് എത്തിയ യാക്കോബായ കുടുംബാംഗങ്ങളെ പോലീസ് സാന്നിധ്യത്തിൽ ഓർത്തഡോക്സ് വിഭാഗത്തിലെ ഒരു വിഭാഗവും ഇടവക വികാരി ഫാ. ജോണ്‍സ് ഈപ്പനും ചേർന്ന് തടഞ്ഞുവച്ചെന്നാണ് യാക്കോബായ വിഭാഗം ആരോപിക്കുന്നത്. ഇതേത്തുടർന്ന് കട്ടച്ചിറയിൽ ഇരു വിഭാഗവും തമ്മിൽ വീണ്ടും തർക്കം രൂക്ഷമായി. പിന്നീട് കൂടുതൽ പോലീസ് സ്ഥലത്തെത്തി.
യാക്കോബായ ഇടവക ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാത്ത നടപടികളാണ് ജില്ലാ ഭരണകൂടം സ്വീകരിക്കുന്നതെന്നും യാക്കോബായ ഇടവക ഭാരവാഹികൾ ആരോപിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെ ആരംഭിച്ച ഡീക്കൻ തോമസ് കയ്യത്രയുടെ ഉപവാസ സമരം തുടരുകയാണ്. സ്ഥലത്തു വൻ പോലീസ് സംഘം ക്യാന്പ് ചെയ്യുന്നുണ്ട് . ഇടവക ജനങ്ങളുടെ അധികാര അവകാശങ്ങൾ തിരികെ കിട്ടുന്നത് വരെ സമരം തുടരുമെന്നു ഡീക്കൻ തോമസ് കയ്യത്ര പറഞ്ഞു.