കൂടത്തായി; ജോളി വീണ്ടും ജയിലില്‍
Monday, November 11, 2019 11:18 PM IST
കൊയിലാണ്ടി: കൂടത്തായി കൊലപാതക പരമ്പരയിലെ മഞ്ചാടിയില്‍ മാത്യു വധക്കേസില്‍ മുഖ്യപ്രതി പൊന്നാമറ്റം വീട്ടില്‍ റോയിയുടെ ഭാര്യ ജോളി എന്ന ജോളിയമ്മ ജോസഫിനെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് ജോളിയെ കൊയിലാണ്ടി ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.
വീണ്ടും കസ്റ്റഡി അപേക്ഷ നല്കാത്തതിനാല് ജോളിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് അയച്ചു. താമരശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലെയും ഒന്നാം കോടതിയിലെയും മജിസ്ട്രേറ്റുമാര്‍ അവധിയായതിനെത്തുടര്ന്നാണ് നടപടി കൊയിലാണ്ടി കോടതിയിലേക്ക് മാറ്റിയത്.
തിങ്കളാഴ്ച രാവിലെ പത്തോടെ ജോളിയെ താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന നടത്തിയ ശേഷമാണ് കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയത്. അതേസമയം പൊന്നാമറ്റം ടോം തോമസ് വധക്കേസിൽ ജോളിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. കോടതി ഉത്തരവ് ലഭിച്ചാലുടൻ കുറ്റ്യാടി ഇൻസ്പെക്ടർ സുനിൽകുമാർ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങും.
2014 ഏപ്രില്‍ 24 ന് രാവിലെ പത്തിനാണ് ടോം തോമസിന്റെ ഭാര്യാസഹോദരനായ മാത്യു കൊല്ലപ്പെട്ടത്.