ക്വാറന്റെെനിലായിരുന്ന റിട്ട. ഹെഡ്മാസ്റ്റർ മരിച്ചനിലയിൽ
Saturday, May 30, 2020 11:55 PM IST
അടിമാലി: മൈസൂരിൽനിന്നു ട്രെയിൻമാർഗം ആലുവയിലെത്തിയ മകളെ കാറിൽ അടിമാലിയിലെ വീട്ടിലെത്തിച്ചശേഷം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന റിട്ട. ഹെഡ്മാസ്റ്ററെ വീടിനോടുചേർന്ന ഒൗട്ട് ഹൗസിൽ മരിച്ചനിലയിൽ കണ്ടെത്തി. അടിമാലി വഴിവാടിക്കടവിൽ തോമസ് ഏബ്രഹാം (ടോമി - 57) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനക്കെടുത്തശേഷം മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്കു മാറ്റി. സ്രവപരിശോധനാ ഫലം വന്നതിനുശേഷം കൂടുതൽ പരിശോധന നടത്തും. മരണകാരണം അപ്പോഴേ വ്യക്തമാകുകയുള്ളെന്ന് പോലീസും ആരോഗ്യവകുപ്പുദ്യോഗസ്ഥരും അറിയിച്ചു.
മൈസൂറിൽനിന്നു ആലുവയിൽ എത്തിയ മകളെ കഴിഞ്ഞ 23-ന് ഇദ്ദേഹം കാർ മാർഗം വീട്ടിലെത്തിച്ചിരുന്നു. തുടർന്ന് ഇദ്ദേഹം വീടിനോടുചേർന്ന ഒൗട്ട് ഹൗസിലും മകൾ വീടിനുള്ളിലെ മറ്റൊരു മുറിയിലും ക്വാറന്റെെനിലായിരുന്നു. രാവിലെ കുടുംബാംഗങ്ങൾ ഒൗട്ട് ഹൗസിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം പോലീസിലും ആരോഗ്യവകുപ്പിലും അറിയിച്ചു.
നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളെന്ന നിലയിൽ ഇദ്ദേഹത്തിന്റെ സ്രവം പരിശോധനക്കയക്കാനും പരിശോധനാഫലം എത്തുംവരെ മൃതദേഹം മോർച്ചറിയൽ സൂക്ഷിക്കാനും ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മകളുടെ സ്രവവും പരിശോധനക്ക് അയക്കുമെന്നും മുൻകരുതൽ എന്നനിലയിൽ മരിച്ചയാളുടെ വീടും പരിസരവും മൃതദേഹം മോർച്ചറിയിൽ എത്തിച്ച ആംബുലൻസും ഫയർഫോഴ്സ് അംഗങ്ങളുടെ സഹായത്തോടെ അണുനശീകരണം നടത്തിയെന്നും ദേവിയാർ കോളനി പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഇ.ബി. ദിനേശൻ പറഞ്ഞു.സംസ്കാരം പിന്നീട്. ഭാര്യ: ജിജി കാലടി മഞ്ഞപ്ര അറയ്ക്കപ്പറന്പിൽ കുടുംബാംഗം. മക്കൾ: ജിത (ഫാർമസ്യൂട്ടിക്കൽ കന്പനി ഉദ്യോഗസ്ഥ, മൈസൂർ), ആൻ ഗ്രെയ്സ് (അനസ്തേഷ്യ ടെക്നീഷ്യൻ).