കേന്ദ്രത്തിന്റെ വാക്സിൻ നയത്തിനെതിരേ കോണ്ഗ്രസ്
Thursday, April 22, 2021 12:55 AM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിനെതിരേ കോണ്ഗ്രസ്. കേന്ദ്രത്തിന്റെ വാക്സിൻനയം ജനദ്രോഹ പരിഷ്കാരമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
കോവിഡ് രണ്ടാംതരംഗം തീവ്രതയോടെ രാജ്യമാകെ വ്യാപിക്കുന്പോൾ പരമാവധി വാക്സിൻ ജനങ്ങളിൽ എത്തിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടത്. എന്നാൽ ജനങ്ങളുടെ ജീവൻ പന്താടുന്ന അവസ്ഥയാണ് നിലവിലുള്ളത്. രോഗവ്യാപനം തുടരുന്പോൾ ജനങ്ങൾക്ക് ആശ്വാസമെത്തിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യേണ്ടത്. എന്നാൽ വാക്സിൻ നിർമാണ കന്പനികൾക്ക് കൊള്ളലാഭം കൊയ്യുന്നതിന് അവസരം സൃഷ്ടിക്കുകയാണ് കേന്ദ്രത്തിന്റെ പുതിയ വാക്സിൻ നയം.
സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ എന്നിവ ഒരു ഡോസ് വാക്സിൻ 250 രൂപയ്ക്ക് ഇതുവരെ ലഭ്യമായിരുന്നു. കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയപ്രകാരം കോവിഷീൽഡിന്റെ ഒരു ഡോസ് ലഭിക്കാൻ സർക്കാർ 400 രൂപയും സ്വകാര്യ ആശുപത്രികൾ 600 രൂപയുമാണ് നൽകേണ്ടി വരിക. പുതിയ നയമനുസരിച്ച് മേയ് ഒന്നു മുതൽ സ്വകാര്യ ആശുപത്രികളും നിർമാതാക്കളിൽനിന്ന് നേരിട്ട് വാക്സിൻ വാങ്ങണം. ഇതിന്റെ ഫലമായി സ്വകാര്യ ആശുപത്രികളിൽ വാക്സിൻ കുത്തിവയ്പുനിരക്ക് കുത്തനെ ഉയരും.
വാക്സിൻ ക്ഷാമം രാജ്യത്ത് രൂക്ഷമാണ്. കേന്ദ്രസർക്കാരിനു കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വാക്സിനുകളിൽ 50 ശതമാനവും കയറ്റുമതി ചെയ്യുകയാണെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. വാക്സിൻ വിതരണത്തിൽ ആവശ്യമായ മുൻകരുതൽ എടുക്കാൻ കേരള സർക്കാർ ഇതുവരെ തയാറായില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.