സിപിഎം പിന്നിൽ നിന്ന് കുത്തുന്നു: കെ. സുധാകരൻ
Monday, January 30, 2023 3:31 AM IST
തിരുവനന്തപുരം: ബിജെപിയെ അധികാരത്തിൽ നിന്ന് തുരത്താൻ സഹകരണത്തിന് കോണ്‍ഗ്രസ് തയാറാകുന്പോൾ പിന്നിൽ നിന്നു കുത്തുന്ന നിലപാടാണ് സിപിഎം നേതാക്കൾ സ്വീകരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
സ്വന്തം പാളയത്തിൽ നിന്ന് എംഎൽഎ ഉൾപ്പെടെ ബിജെപിയിലേക്കു പോകുന്പോഴും കോണ്‍ഗ്രസിനെ പരിഹസിക്കുന്ന തിരക്കിലാണ് സിപിഎം. ത്രിപുരയിൽ ബിജെപിയെ ചെറുക്കാൻ കെൽപ്പില്ലാതെ കോണ്‍ഗ്രസിന്റെ സഹായം തേടിയിട്ടും ബിജെപിയോടുള്ള കൂറ് അവസാനിപ്പിക്കാൻ സിപിഎം തയാറാകാത്തത് നിർഭാഗ്യകരമാണ്.
ഒടുവിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ കോണ്‍ഗ്രസ് തനിച്ച് 25 ശതമാനത്തിന് മുകളിൽ വോട്ട് നേടിയിരുന്നു. എന്നാൽ തുടർച്ചയായി ഭരണം നയിച്ച സിപിമ്മിന് 17 ശതമാനം വോട്ട് മാത്രമാണ് അവിടെ നേടാനായത്. അതിൽ നിന്നു തന്നെ ബിജെപിയിലേക്ക് ഒഴുകിയ വോട്ടുകൾ ആരുടെതാണെന്ന് വ്യക്തമാണ്. ത്രിപുരയിൽ ബിജെപിയെ നേരിടാൻ കോണ്‍ഗ്രസ് ശക്തമാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ.
കമ്യൂണിസം പ്രസംഗിക്കുന്പോഴും സിപിഎം നേതാക്കൾ മുദുഹിന്ദുത്വം മനസിൽ താലോലിക്കുന്നു. ദേശീയതലത്തിൽ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജിക്കുന്ന ബിജെപി നയങ്ങൾ സോഷ്യൽ എൻജീനിയറിംഗ് ഭാഗമായി കേരളത്തിൽ മുഖ്യമന്ത്രിയും സിപിഎമ്മും നടപ്പാക്കുകയാണെന്നും കെ. സുധാകരൻ ആരോപിച്ചു.