കോട്ടയത്ത് ഇഞ്ചോടിഞ്ചു പോരാട്ടം
Friday, April 19, 2024 3:58 AM IST
റെജി ജോസഫ്
വാര്‍ത്തകള്‍ക്കും അവകാശവാദങ്ങള്‍ക്കും ചൂടേറുകയാണു കോട്ടയത്ത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു മുന്നണിയും പിന്നിലല്ല. ഏഴു നിയമസഭാ മണ്ഡലങ്ങളിലായി 12.33 ലക്ഷം വോട്ടര്‍മാരുടെ വിധിയെഴുത്തിനു ദിവസങ്ങള്‍ ബാക്കി. കേരള കോണ്‍ഗ്രസ് മാണി-ജോസഫ് വിഭാഗങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ടമാണ്.
മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം കോട്ടയം ലോക്സഭാമണ്ഡലത്തില്‍ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ മേല്ക്കൈയുണ്ടെന്നാണു യുഡിഎഫിന്റെ കരുതല്‍. അതേസമയം, കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫില്‍ എത്തിയശേഷമുള്ള ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുനില മാറിമറിയുമെന്ന് ഇടതുപക്ഷം.
മോദിയുടെ ഇമേജും ഈഴവ സമുദായബലവും നേട്ടമാകുമെന്ന് എന്‍ഡിഎ. മുപ്പതിനായിരത്തില്‍പരം നവവോട്ടര്‍മാരുടെ നിലപാട് നിര്‍ണായകമാണ്. വിദേശകുടിയേറ്റം വര്‍ധിച്ചുവരുന്നതിനാല്‍ മുന്‍തെരഞ്ഞെടുപ്പുകളില്‍ പോള്‍ ചെയ്യുന്ന വോട്ടുകളുടെ എണ്ണം പത്തു ലക്ഷത്തില്‍ ഒതുങ്ങുന്നു എന്നതും ശ്രദ്ധേയം.
യുഡിഎഫ് ജില്ലാ കണ്‍വീനറും കേരള കോണ്‍ഗ്രസ്- ജോസഫ് ജില്ലാ പ്രസിഡന്റുമായിരിക്കേ സജി മഞ്ഞക്കടന്പിൽ രാജിവച്ചതുള്‍പ്പെടെ വിവാദങ്ങള്‍ വേറെയും. 2019ല്‍ യുഡിഎഫില്‍ തോമസ് ചാഴികാടന് 4.21 ലക്ഷവും എല്‍ഡിഎഫില്‍ വി.എന്‍. വാസവന് 3.14 ലക്ഷവും എന്‍ഡിഎയില്‍ പി.സി. തോമസ് 1.55 ലക്ഷവും വോട്ടുകളാണ് നേടിയത്.
അനുകൂല സാഹചര്യമെന്ന് യുഡിഎഫ്
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലായിരുന്ന കേരള കോണ്‍ഗ്രസ്-എമ്മില്‍ തോമസ് ചാഴികാടന് ഒരു ലക്ഷത്തി ഏഴായിരം വോട്ടുകളുടെ ഭൂരിപക്ഷം നേടി. ഈ മുന്‍തൂക്കം ഇത്തവണ തങ്ങള്‍ക്കു ലഭിക്കുമെന്നാണു യുഡിഎഫിന്റെ വാദം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ മുന്‍ ഇടുക്കി എംപി ഫ്രാന്‍സിസ് ജോര്‍ജാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇടതുകാറ്റ് വീശിയപ്പോഴും പിറവം, കടുത്തുരുത്തി, പാലാ, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളില്‍ വിജയം വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫിനായിരുന്നു. വൈക്കവും ഏറ്റുമാനൂരും എല്‍ഡിഎഫിനൊപ്പവും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വിജയക്കൊടിയും യുഡിഎഫ് നേട്ടപ്പട്ടികയിലുണ്ട്.
മുന്‍കാല ഭൂരിപക്ഷക്കണക്കുകള്‍ അവലോകനം ചെയ്താണ് കാറ്റ് അനുകൂലമെന്ന യുഡിഎഫ് വിലയിരുത്തല്‍. റബര്‍, നെൽ കര്‍ഷകരുടെ വിലാപവും പെന്ഷന് മുടങ്ങലും സര്‍ക്കാര്‍ വിരുദ്ധവികാരവും ജനവിധിയില്‍ പ്രതിഫലിക്കുമെന്നാണു ഫ്രാന്‍സിസ് ജോര്‍ജ് പറയുന്നത്. 250 രൂപയുടെ റബര്‍ വിലയുറപ്പ് വാഗ്ദാനം നടപ്പാക്കാത്തതും വിറ്റ നെല്ലിന്റെ പണം വൈകുന്നതുമൊക്കെ പരിമിതി തന്നെ. മലനാടും തീരമേഖലയും അതിരിടുന്ന മണ്ഡലത്തിലെ ഓരോ പ്രദേശങ്ങളുടെയും ഘടനയും കാലാവസ്ഥയും വ്യത്യസ്തമാണ്.
വികസനത്തിനു വോട്ടെന്ന് എല്‍ഡിഎഫ്
എംപി എന്ന നിലയില്‍ നൂറു ശതമാനം ഫണ്ട് വിനിയോഗം ചെയ്ത് മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റിയതിന് ഇത്തവണയും അംഗീകാരം ലഭിക്കുമെന്ന് തോമസ് ചാഴികാടന്. നവീകരിച്ച റെയില്‍വേ സ്റ്റേഷനുകള്‍, ഇരട്ടപ്പാത, മേല്‍പ്പാലങ്ങള്‍, റോഡുകള്‍, പാസ്പോര്‍ട്ട് കേന്ദ്രം തുടങ്ങി വികസനരേഖ അടിച്ചിറക്കിയാണു പ്രചാരണം. എല്‍ഡിഎഫിനൊപ്പം കേരള കോണ്‍ഗ്രസ് -എം വോട്ടുകള്‍കൂടി കൂട്ടിയാല്‍ വോട്ടിംഗ് പാറ്റേണ്‍ മാറിമറിയുമെന്നും ഇദ്ദേഹം പറയുന്നു. എതിര്മുന്നണികളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയതിനാല്‍ തോമസ് ചാഴികാടന് ഒരു മാസം മുന്‍പേ പ്രചാരണം തുടങ്ങാനായി.
പഴയ കോണ്‍ഗ്രസ് യുപിഎ മന്ത്രിസഭയില്‍ കേരളത്തിന് ഏറ്റവും വലിയ പ്രാതിനിധ്യം ലഭിച്ചപ്പോള്‍ നടപ്പാക്കിയ കര്‍ഷക വിരുദ്ധ ആഗോള വാണിജ്യകരാറുകളാണ് റബറിനും നെല്ലിനും നാളികേരത്തിനും വിനയായതെന്നും ബിജെപി സര്‍ക്കാരും ഇതേ നിലപാട് തുടരുകയാണെന്നുമാണ് ഇടതുവാദം. സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളും ഇവര്‍ നിരത്തുന്നു.
ജനം മാറിച്ചിന്തിക്കുന്നതായി എന്‍ഡിഎ
2019ല്‍ എന്‍ഡിഎ മുന്നണിയിലായിരുന്ന പി.സി. തോമസ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഒന്നര ലക്ഷം വോട്ടുപിടിച്ചു. ഇത്തവണ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് സ്ഥാനാര്‍ഥി. എന്‍ഡിഎ വോട്ടിനു പുറമേ ഈഴവ സമുദായ വോട്ടുകളിലും ഇദ്ദേഹം പ്രതീക്ഷവയ്ക്കുന്നു. സ്ഥാനാര്‍ഥിപ്രഖ്യാപനവും പ്രചാരണവും വൈകിത്തുടങ്ങിയത് രണ്ടു ജില്ലകള്‍ അതിരിടുന്ന മണ്ഡലപര്യടനത്തില്‍ പരിമിതിയാണ്.
ഈഴവ സമുദായ വോട്ടുചോര്‍ച്ച തടയാന്‍ സിപിഎം പടിഞ്ഞാറന്‍മേഖലയില്‍ കുടുംബയോഗങ്ങള്‍ നടത്തിവരുന്നു. തുഷാര്‍ യുഡിഎഫ് വോട്ടുകളില്‍ ഒരു ഭാഗം പിടിക്കുമോ എന്നത് യുഡിഎഫിലും നേരിയ ആശങ്കയുളവാക്കുന്നു.
മോദിയുടെ ഇമേജും സമുദായഘടകങ്ങളും നേട്ടമാകുമെന്ന് എൻഡിഎ കണക്കുകൂട്ടുന്നു. റബറിന് 250 രൂപ ലഭ്യമാക്കാൻ മോദി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നാണ് തുഷാറിന്റെ ഉറപ്പ്. ബിജെപി ഭരണകാലത്ത് റബര്‍ ബോര്‍ഡിനും റബര്‍ കര്‍ഷകര്‍ക്കും എന്തു നേട്ടം കിട്ടിയെന്ന ചോദ്യത്തിന് ഉത്തരമില്ല. കേന്ദ്രത്തില്‍ ബിജെപി ഭരണം തുടര്‍ന്നാല്‍ കാര്‍ഷിക പ്രശ്നങ്ങള്‍ക്കു പരിഹാരം തേടുമെന്നാണു വാദം.
രാഹുല്‍ ഗാന്ധി, ജെ.പി. നഡ്ഡ, പിണറായി വിജയന് തുടങ്ങി നേതാക്കളുടെ വലിയ നിര പ്രചാരണത്തിനെത്തി.