ബാർ കോഴ: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
Sunday, May 26, 2024 1:02 AM IST
തിരുവനന്തപുരം: ബാർ കോഴ കേസിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. എസ്പി എസ്. മധുസൂദനൻ, ഡിവൈഎസ്പി ബിനു എന്നിവരടങ്ങിയ സംഘമാണ് അന്വേഷിക്കുക.
മദ്യനയം മാറ്റാൻ പണം നൽകണമെന്ന ബാറുടമകളുടെ സംഘടനാ നേതാവ് അനിമോന്റെ ശബ്ദരേഖയുടെ പശ്ചാത്തലത്തിൽ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി എം.ബി. രാജേഷ് ഡിജിപിക്കു നൽകിയ പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
ശബ്ദരേഖയിലുള്ള ബാറുടമ അനിമോന്റെയും ബാറുടമകളുടെ സംഘടനാ നേതാവ് സുനിൽകുമാറിന്റെയും ഇടുക്കിയിലെ ബാറുടമകളുടെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.
കേസെടുക്കാതെയുള്ള അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. പണം വാങ്ങിയതിനോ ആർക്കെങ്കിലും കൊടുത്തതിനോ നിലവിൽ തെളിവുകളില്ല. കേസ് കടുപ്പിച്ചാൽ ബിസിനസിനെ ബാധിക്കുമെന്നതിനാൽ ബാറുടമകൾ പിന്മാറാനാണ് സാധ്യത. വാട്സ്ആപ് സന്ദേശത്തിലെ ശബ്ദം അനിമോന്റേതാണെന്ന് ഉറപ്പിക്കാൻ ചണ്ഡിഗഡിലെ നാഷണൽ ലാബിലയച്ച് പരിശോധിക്കും. ഇത് ഉറപ്പിച്ചാലും അനുബന്ധ തെളിവുകളില്ലെങ്കിൽ കേസ് തെളിയിക്കാനാവില്ല.
എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിച്ചാൽ അതിന്റെ ബലത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കം കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം ഏറ്റെടുക്കാനാവും. അതിനാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാതിരിക്കാനാവും ശ്രമം.
വിജിലൻസ് അന്വേഷണമില്ല; പരാതികൾ സർക്കാരിന് കൈമാറി
തിരുവനന്തപുരം: ബാറുടമകളുടെ സംഘടനാനേതാവിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് വിജിലൻസ് അന്വേഷണമില്ല. വിജിലൻസിനു ലഭിച്ച പരാതികൾ സർക്കാരിന് കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതിനിടെ വിജിലൻസ് അന്വേഷണം നടത്താനാകില്ല. ഒരു സംഭവത്തിൽ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യാനാകില്ല.