നിധിശേഖരം 1826നു ശേഷം ഉള്ളതാണെന്നു നിഗമനം
Thursday, July 18, 2024 3:25 AM IST
തളിപ്പറമ്പ് (കണ്ണൂർ): ശ്രീകണ്ഠപുരം ചെങ്ങളായിലെ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽനിന്നു കണ്ടെത്തിയ നിധിശേഖരം 1826നു ശേഷം ഉള്ളതാണെന്നു പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായിയിൽ പി.പി. താജുദീന്റെ റബർ തോട്ടത്തിൽനിന്നാണു കഴിഞ്ഞ ദിവസങ്ങളിൽ നിധിശേഖരം കണ്ടെത്തിയത്. കാശുമാല, മുത്തുമണികൾ, കമ്മൽ, ജിമിക്കി, നാണയങ്ങൾ എന്നിവ ചെമ്പുപാത്രത്തിൽ അടച്ചനിലയിലായിരുന്നു.
കാശുമാലയാണ് ഇവയിൽ പ്രധാനപ്പെട്ടത്. പുരാവസ്തുവകുപ്പ് ഡയറക്ടർക്ക് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നിധിശേഖരം എങ്ങിനെ അവിടെയെത്തി എന്ന കാര്യം പരിശോധിക്കുക. നിലവിൽ സ്ഥലത്ത് മറ്റു പരിശോധനകളുടെ ആവശ്യം ഇല്ല.
തളിപ്പറമ്പ് സബ് ട്രഷറിയിൽ സൂക്ഷിച്ച നിധിശേഖരം കോഴിക്കോട് പഴശിരാജ ആർക്കിയോളജിക്കൽ മ്യൂസിയം ഓഫീസർ ഇൻ ചാർജ് കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലാണു പ്രാഥമിക പരിശോധനയ്ക്കു വിധേയമാക്കിയത്. സംഘത്തിൽ മ്യൂസിയം ഗൈഡ് വി.എ. വിമൽകുമാർ, സെക്യൂരിറ്റി പൊലിസ് ടി.എം രാജീവൻ എന്നിവരും ഉണ്ടായിരുന്നു.