പ്രോജക്ട് ഷെൽട്ടർ രണ്ടാം വാർഷികം ആഘോഷിച്ചു
1596749
Saturday, October 4, 2025 4:37 AM IST
കൽപ്പറ്റ: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോപ് സൊസൈറ്റി ഭവനരഹിതർക്കായി നടപ്പാക്കിയ പ്രോജക്ട് ഷെൽട്ടറിന്റെ രണ്ടാം വാർഷികം ഡി പോൾ പബ്ലിക് സ്കൂളിൽ ആഘോഷിച്ചു. 200 ഓളം പേർ പങ്കെടുത്തു. സൊസൈറ്റി ഡയറക്ടർ ഫാ.ജോർജ് കണ്ണന്താനം അധ്യക്ഷത വഹിച്ചു. സൊസൈറ്റി സ്ഥാപകാംഗങ്ങളെ ആദരിച്ച അദ്ദേഹം ഭൂമിയും പണവും സംഭാവന ചെയ്ത് ഭവനപദ്ധതിയുമായി സഹകരിക്കുന്നവർക്ക് നന്ദി അറിയിച്ചു.
പ്രോജക്ട് ഷെൽട്ടറിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിർമാണം പൂർത്തിയാക്കിയ അഞ്ച് വീടുകളുടെ ഒൗദ്യോഗിക കൈമാറ്റം ടി. സിദ്ദിഖ് എംഎൽഎ നിർവഹിച്ചു. ഐടി വിദഗ്ധൻ ജോയൽ മാനുവലിന്റെ നേതൃത്വത്തിൽ നിർമിതബുദ്ധി അടിസ്ഥാനമാക്കി തയാറാക്കിയ പ്രോജക്ട് ഷെൽട്ടർ വെബ്സൈറ്റ് (projectshelter.org.in) മാധ്യപ്രവർത്തകൻ ഷാജൻ സ്കറിയ പ്രകാശനം ചെയ്തു.
ശ്രേഷ്ഠബാലിക പുരസ്കാരം നേടിയ ബാലപ്രതിഭ ഫാത്തിമ അൻഷി പ്രോജക്ട് ഷെൽട്ടർ രണ്ടാം വാർഷിക റിപ്പോർട്ട് പുറത്തിറക്കി. പ്രോജക്ട് ഷെൽട്ടർ ജില്ലാ കോ ഓർഡിനേറ്റർ റഷീന സുബൈർ സ്വാഗതവും ദേശീയ കോ ഓർഡിനേറ്റർ സിബു ജോർജ് നന്ദിയും പറഞ്ഞു.