ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയിലെ തട്ടിപ്പ്: യുവാവിന്റെ ആത്മഹത്യാ കുറിപ്പിൽ സിപിഎം നേതാക്കൾക്കെതിരേ കേസെടുക്കണമെന്ന്
1596786
Saturday, October 4, 2025 5:33 AM IST
കൽപ്പറ്റ: വയനാട് ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പുതിയ വെളിപ്പെടുത്തലുകൾ സിപിഎമ്മിന്റെ ജനവഞ്ചനയുടെ മുഖമാണ് വെളിവാക്കുന്നതെന്നും സിപിഎം നേതാക്കൾക്കെതിരേ കേസെടുക്കണമെന്നും സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പത്തു മുതൽ പന്ത്രണ്ടു ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 100 കോടിയോളം രൂപയാണ് സൊസൈറ്റിയുടെ പേരിൽ സിപിഎം നേതാക്കൾ സമാഹരിച്ചത്. പതിനാലു ലക്ഷം രൂപ നിക്ഷേപിച്ച പാർട്ടി പ്രവർത്തകൻ ആത്മഹത്യ ചെയ്യുമെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതിയത് നിക്ഷേപകർ നേരിടുന്ന മാനസികാഘാതത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. ഭരണ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് പലരെക്കൊണ്ടും സിപിഎം നിക്ഷേപമിറക്കിച്ചത്.
ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നിക്ഷേപകർ സമരം ചെയ്യുന്നുണ്ടെങ്കിലും പ്രതികൾ ഭരണകക്ഷി നേതാക്കളായതിനാൽ സർക്കാർ പൂർണമായും അവഗണിക്കുകയാണ്. സർക്കാർ നിയന്ത്രണവും സംവിധാനങ്ങളും ഗ്യാരണ്ടി നൽകി ഭരണകക്ഷി നേതാക്കളുടെ സമ്മർദ്ദത്താൽ സ്വന്തം കുടുംബസന്പാദ്യം പോലും നിക്ഷേപിച്ച 600 ഓളം കൂടുംബങ്ങളാണ് വഴിയാധാരമായിരിക്കുന്നത്. ജനകീയ സംരംഭത്തിന്റെ തകർച്ചയുടെ യഥാർഥ കാരണം പാർട്ടി നേതാക്കളുടെ അഴിമതിയും നടത്തിപ്പിലെ അപാകതയുമാണ്.
ബ്രഹ്മഗിരി തട്ടിപ്പിൽ പങ്കാളികളായ സിപിഎം നേതാക്കൾക്കെതിരേ വഞ്ചനാകുറ്റത്തിന് കേസെടുക്കുകയും ദുരിതത്തിലായ നിക്ഷേപകർക്ക് സർക്കാർ അടിയന്തര സഹായം ഉറപ്പാക്കുകയും ചെയ്യണം. ഇരകൾക്ക് നീതി ഉറപ്പുവരുത്തേണ്ടത് ഭരണകൂട ബാധ്യതയാണെന്നും വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തര ഇടപെടൽ നടത്തണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എ. യൂസുഫ് അധ്യക്ഷത വഹിച്ചു. എൻ. ഹംസ, കെ.ജെ. തോമസ്, എസ്. മുനീർ, കെ.എ. അയൂബ്, ജില്ലാ ജനറൽ സെക്രട്ടറി പി.ടി. സിദ്ദിഖ്, ട്രഷറർ കെ.പി. സുബൈർ എന്നിവർ പ്രസംഗിച്ചു.