മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് വികസനസദസ് : വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ തൂക്ക് വേലി പദ്ധതി നടപ്പാക്കി
1596776
Saturday, October 4, 2025 5:30 AM IST
മുള്ളൻകൊല്ലി: വികസന നേട്ടങ്ങൾ ചർച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്തിന്റെ വികസന സദസ്. ഗ്രാമപ്പഞ്ചായത്തിന്റെ അടിസ്ഥാനപശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകൾ, നടപ്പാതകൾ, കെട്ടിടങ്ങൾ, റോഡ് നവീകരണം, കുടിവെള്ള പദ്ധതികൾ, നടപ്പാലം, കലുങ്കുകൾ, ഓവുചാലുകൾ, സൗരോർജ്ജം ഉപയോഗിച്ചുള്ള വിളക്കുകൾ, തെരുവ് വിളക്ക് തുടങ്ങിയ വികസന പ്രവൃത്തികൾക്കായി ചെലവഴിച്ചത് 17.03 കോടി രൂപ.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടി രൂപയുടെ തൂക്ക് വേലി പദ്ധതി നടപ്പാക്കി. ലൈഫ് ഭവന പദ്ധതിയിൽ 81 വീടുകളാണ് ഗ്രാമപ്പഞ്ചായത്ത് നടപ്പാക്കുന്നത്. ഇതിൽ 50 വീടുകൾ പൂർത്തിയായി. 31 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു.
ഇതിന് പുറമെ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 58 കുടുംബങ്ങൾക്ക് വീട് റിപ്പയർ ചെയ്യുന്നതിന് ധനസഹായം അനുവദിച്ചു. 64 കുടുംബങ്ങൾക്ക് ശുചിമുറി നിർമാണത്തിനായി ധനസഹായം നൽകി. ഡിജി കേരളം പദ്ധതിയിലൂടെ ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ 2517 പേരെ ഡിജിറ്റൽ സാക്ഷരരാക്കി. കെ സ്മാർട്ട് മുഖേന ഗ്രാമപ്പഞ്ചായത്തിൽ വിവിധ സേവനാവശ്യങ്ങൾക്കായി 32,545 അപേക്ഷകൾ ലഭിക്കുകയും 31,870 അപേക്ഷകൾ തീർപ്പാക്കുകയും ചെയ്തു. പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെ മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്തിന്
സഞ്ചരിക്കുന്ന മൃഗാശുപത്രി യാഥാർഥ്യമാക്കി.
വന്യമൃഗശല്യം നിയന്ത്രിക്കുന്നതിനായി വനപ്രദേശങ്ങൾ അതിർത്തി പങ്കിടുന്ന വാർഡുകൾക്ക് പരിഗണന നൽകി 1000 തെരുവ് വിളക്കുകൾ സ്ഥാപിച്ചു. ഗ്രാമപ്പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ 15 മിനി മാസ്റ്റ് ലൈറ്റുകൾ, ഒരു ഹൈ മാസ്റ്റ് ലൈറ്റ് എന്നിവ സ്ഥാപിച്ചു. ആറ് മിനിമാസ്റ്റ് ലൈറ്റുകളുടെ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്.
മുള്ളൻകൊല്ലി മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന വികസന സദസ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോളി സജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബീന ജോസ്, പനമരം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് മെഴ്സി ബെന്നി, മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്മാരായ ഷിനു കച്ചിറയിൽ,
ഷൈജു പഞ്ഞിത്തോപ്പിൽ, ജിസ്റ മുനീർ, ആസൂത്രണ സമിതി ചെയർപേഴ്സണ് ജോസ് കണ്ടംതുരുത്തിയിൽ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ചന്ദ്രബാബു, അമ്മിണി സന്തോഷ്, ശാന്തിനി പ്രകാശൻ, ലില്ലി തങ്കച്ചൻ, ജെസി സെബാസ്റ്റ്യൻ, പുഷ്പവല്ലി നാരായണൻ, പി.കെ. ജോസ്, മഞ്ജു ഷാജി, സുധ നടരാജൻ, തദ്ദേശ വകുപ്പ് അസിസ്റ്റന്റ് ജോയിന്റ് ഡയറക്ടർ ജോമോൻ ജോർജ്,
പനമരം ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ പി.പി. ഷിജി, ഗ്രാമപ്പഞ്ചായത്ത് ജൂണിയർ സുപ്രണ്ട് കെ.എം. അബ്ദുള്ള, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പി. സാജൻ, ഹരിത കർമ്മസേന അംഗങ്ങൾ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.