ഉന്നത വിജയികളെ അനുമോദിച്ചു
1569589
Monday, June 23, 2025 12:46 AM IST
ആലക്കോട്: ആലക്കോട് പഞ്ചായത്ത് പരിധിയിലെ സ്കൂളുകളിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയവരെയും യുഎസ്എസ്, എൽഎസ്എസ് വിജയികളെയും അനുമോദിക്കുന്ന ചടങ്ങ് "വിജയാരവം' നടത്തി. സജീവ് ജോസഫ് എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.സി. ആയിഷ, ജോൺസൺ താരാമംഗലം, കവിതാ ഗോവിന്ദൻ, കെ.പി. സാബു, മുഹമ്മദ് ഷാഫി, നിഷാ വിനു, എം.എ. സ്മിനി, മാത്യു പുതിയേടം, മേഴ്സി എടാട്ടേൽ, വത്സലാ പ്രകാശ്, ജയാ മുരളീധരൻ, സി.എം. രജിത, എം.എ. ഖലീൽ റഹ്മാൻ, സതി സജി എന്നിവർ പ്രസംഗിച്ചു.
കോട്ടൂർ: പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ കത്തോലിക്ക കോൺഗ്രസ് ശ്രീകണ്ഠപുരം കോട്ടൂർ യൂണിറ്റ് സ്നേഹോപഹാരം നല്കി അനുമോദിച്ചു. കോട്ടൂർ സെന്റ് തോമസ് പള്ളിയിൽ ഇടവക വികാരി ഫാ. ജോബി എടത്തിനാൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് കോട്ടൂർ യൂണിറ്റ് പ്രസിഡന്റ് അനുപ് കാഞ്ഞിരത്തിങ്കൽ അധ്യക്ഷത വഹിച്ചു. വിജയികൾക്ക് ചെമ്പന്തൊട്ടി ഫൊറോന പ്രസിഡന്റ് ജോസഫ് മാത്യു കൈതമറ്റം, സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, പാട്രിക് കുരുവിള, ജോബിൻ കൈപ്രമ്പാടൻ എന്നിവർ ഉപഹാരങ്ങൾ കൈമാറി. കത്തോലിക്ക കോൺഗ്രസ് പ്രവർത്തകരായ മനേഷ് കാഞ്ഞിരത്തിങ്കൽ, ജോഷി പെരുമ്പറമ്പിൽ, അരുൺ ഏറത്തേടത്ത്, ജോബി മാടശേരി എന്നിവർ പങ്കെടുത്തു.
നെടിയേങ്ങ: ശ്രീകണ്ഠപുരം നഗരസഭ ഇരുപത്തിയെട്ടാം വാർഡിലെ നെടിയേങ്ങയിൽ എൽഎസ്എസ്, യുഎസ്എസ്, എസ്എസ്എൽസി, പ്ലസ് ടു, എൻജിനിയറിംഗ്, എംബിഎ, എൽഎൽബി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും എൽഎസ്എസ്, യുഎസ്എസ് എന്നിവയിൽ മികച്ച വിജയം കൈവരിച്ച നെടിയേങ്ങ ഗവ. യുപി സ്കൂളിനെയും അനുമോദിച്ചു.
സമ്മേളനം ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.വി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ പി.വി. ജയൻ, എം. പുരുഷോത്തമൻ, അങ്കണവാടി അധ്യാപിക അസ്മ എന്നിവർ പ്രസംഗിച്ചു.