മധ്യവയസ്കയുടെ മരണം കൊലപാതകം; മലപ്പുറം സ്വദേശി അറസ്റ്റിൽ
1602061
Thursday, October 23, 2025 1:37 AM IST
കണ്ണൂർ: കണ്ണൂർ പാറക്കണ്ടിയിൽ മധ്യവയസ്കയെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം.തോട്ടട സമാജ് വാദി കോളനിയിലെ ഷെൽവിയുടെ (50) മരണവുമായി ബന്ധപ്പെട്ടാണ് മലപ്പുറം സ്വദേശി ശശിയെ (52) കണ്ണൂർ ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തു.
സംഭവത്തിനു ശേഷം ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പോലീസ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെയാണ് പാറക്കണ്ടി ബീവറേജ് ഔട്ട്ലെറ്റിന് സമീപത്തെ കടവരാന്തയിൽ ഷെൽവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കൊലപാതകമെന്ന സൂചനയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സെൽവിയുടെ മരണകാരണം കല്ലുകൊണ്ടോ മദ്യകുപ്പികെണ്ടോ തലയ്ക്കേറ്റ ആഴത്തിലുള്ള ക്ഷതമാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ കുറെക്കാലമായി കണ്ണൂരിൽ തങ്ങിയിരുന്ന ശശിക്ക് ഷെൽവിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. മദ്യപിച്ചതിനു ശേഷം ഇവർ തമ്മിലുണ്ടായ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലെത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടാതെ, പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിന്റെ തലേദിവസം ഷെൽവിയോടൊപ്പം ശശിയെ കണ്ടവരുണ്ടായിരുന്നു. ഇവർ നൽകിയ സാക്ഷിമൊഴികളാണ് അന്വേഷണം പ്രതിയിലേക്കെത്തിയത്.