ഒഴിവാക്കപ്പെട്ട 1031 പേരില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം നല്‍കുമെന്ന് സര്‍ക്കാര്‍
1602066
Thursday, October 23, 2025 1:37 AM IST
കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി 2017 ല്‍ നടത്തിയ ആദ്യഘട്ട മെഡിക്കല്‍ പരിശോധനയുടെയും ഫില്‍ഡ് തല പരിശോധനയുടെയും അടിസ്ഥാനത്തില്‍ പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെട്ടതും പിന്നീട് അന്തിമ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടതുമായ 1031 പേരില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ധനസഹായം നല്കാന് മന്ത്രിസഭായോഗം അനുമതി നല്കി.
യോഗ്യതയുള്ളവരെ കണ്ടെത്താന്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിനെ ചുമതലപ്പെടുത്തി. ഒഴിവാക്കപ്പെട്ട എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കുടുംബങ്ങള്‍ ജില്ലാ കളക്ടറുടെ ചേംബറിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് സര്‍ക്കാര്‍ തീരുമാനം വന്നിട്ടുള്ളത്. എന്‍ഡോസള്‍ഫാന്‍ ബാധിതരായ 1,031 പേരെ കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്താനും അവര്‍ക്ക് സഹായം നല്‍കാനും നടപടികള്‍ സ്വീകരിച്ചു എന്ന് മുഖ്യമന്ത്രി 2024 ജൂലൈ 10നു നിയമസഭയില്‍ പറഞ്ഞതിന് ഒരു വര്ഷത്തിലേറെയായപ്പോഴാണ് ഈ മന്ത്രിസഭാ തീരുമാനം വരുന്നത്.
2017 ല്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പുകളില്‍ 1,905 പേരെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് കളക്ടറേറ്റ് 287 രോഗികളെ മാത്രമേ എന്‍ഡോസള്‍ഫാന്‍ ബാധിതരായി അംഗീകരിച്ചുള്ളൂ.
ഈ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ നഷ്ടപരിഹാരവും സൗജന്യ ചികിത്സയും മരുന്നുകളും ലഭിച്ചത്. ഏകദേശം 85 ശതമാനം രോഗികളെ ഒഴിവാക്കിയത് ജില്ലയിലുടനീളം വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായി.
2018ല്‍ ഒ76 പേരുകള്‍ കൂട്ടിച്ചേര്‍ത്തു. എന്നിട്ടും പ്രതിഷേധം കെട്ടടങ്ങിയില്ല. 2019ല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ദുരിതബാധിതരും കുടുംബാംഗങ്ങളും സമരം ചെയ്തപ്പോള്‍ ദയാബായിയെപ്പോലുള്ള ആക്ടിവിസ്റ്റുകളും പങ്കുചേരുകയും എല്ലാ ദുരിതബാധിതരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
നിരന്തര പ്രക്ഷോഭത്തിന് ശേഷം, സര്‍ക്കാര്‍ വഴങ്ങി. 511 പ്രായപൂര്‍ത്തിയാകാത്തവരെ ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്തി സൗജന്യ ചികിത്സ അനുവദിച്ചു. ബാക്കിയുള്ള 1,031 പേരും അവരുടെ കുടുംബങ്ങളും കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തി. നാല് മാസത്തിനിടെ പലതവണ മുഖ്യമന്ത്രിയെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കണ്ടു.ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്.
സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ച ശം ഔദ്യോഗിക പത്രക്കുറിപ്പിന് മറുപടി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. 1,031 പേര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കുമോ അതോ അര്‍ഹരായവരെ തീരുമാനിക്കാന്‍ വീണ്ടും ഒരു സ്ക്രീനിംഗ് നടത്തുമോ എന്നു വ്യക്തമല്ല.