കുഴിയിൽ വീണ് വാഹനങ്ങൾ അപകടത്തിലായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ
1602081
Thursday, October 23, 2025 1:38 AM IST
ഇരിട്ടി: പൊട്ടിപ്പൊളിഞ്ഞ് ദുരിത പാതയായി മാറിയ നേരംപോക്ക് - എടക്കാനം റോഡിൽ അപകടങ്ങൾ പെരുകുന്നു. ഇരിട്ടി ടൗണിനോട് ചേർന്ന റോഡിന്റെ ശോചനീയാവസ്ഥ അറിഞ്ഞിട്ടും അധികൃതർക്ക് നേരംപോക്ക് പോലെയാണ്. എങ്ങും കുഴികൾ നിറഞ്ഞ റോഡ് ഇരുചക്ര വാഹന യാത്രക്കാർക്കും കാൽ നടയാത്രക്കാർക്കും പേടി സ്വപ്നമായി മാറുകയാണ്.
ഇരു ചക്രവാഹനങ്ങളാണ് റോഡിലെ കുഴിയിൽ വീണ് ഏറെയും അപകടത്തിൽ പെടുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ഇരിട്ടി ടൗണിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങിയ കീഴൂർ സ്വദേശി റിട്ട. പോലീസ് എസ്ഐ പി.വി. ലക്ഷ്മണന്റെ സ്കൂട്ടർ നേരംപോക്ക് വയൽ തുടങ്ങുന്ന ഭാഗത്തെ വലിയ കുഴിയിൽ വീണു. നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് ലക്ഷ്മണൻ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. വീഴ്ചയിൽ കാൽമുട്ട് റോഡിൽ ഇടിച്ച് മുട്ടിനു പരിക്കേറ്റു.
കഴിഞ്ഞ ദിവസങ്ങളിലും ഇതേറോഡിൽ കൊടുവേലി തോടിന്റെ കലുങ്കിന് സമീപം ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് അപകടമുണ്ടായിരുന്നു. ചാവശേരി സ്വദേശിയും പെരുമണ്ണ് സ്വദേശിയുമാണ് അപകടത്തിൽപ്പെട്ടത്. ചാവശേരി സ്വദേശി പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ബൈക്കിന് കേടുപറ്റി. ഇത്തരം അപകടങ്ങൾ നിത്യവും സംഭവിക്കുകയാണ്.വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താതെ വന്നതോടെ റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മഴയിൽ വെളളം നിറയുന്നതോടെ വലിയ കുഴിയേത്, ചെറിയ കുഴിയേതെന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ്.
കാൽനടയാത്രപോലും ദുഷ്കരമായ റോഡിൽ ഓട്ടോകൾ പലതും ഓട്ടം പോകുന്നില്ല. ഒരു വർഷമായി റോഡ് ടാറിംഗ് നടത്തുമെന്ന് പറയുന്നു. കരാർ നൽകുകയും മെറ്റൽ അടക്കമുള്ള സാധനങ്ങൾ ഇറക്കി വയ്ക്കുകയും ചെയ്തു. എന്നാൽ തുടർച്ചയായി പെയ്യുന്ന മഴയാണ് ടാറിംഗിന് തടസമാകുന്നത്. ഇതിനിടയിൽ തകർന്ന റോഡിന്റെ അരികിലൂടെ ടെലിഫോൺ കേബിളിടുന്നതിനായി കുഴികളെടുക്കുകയും കുടിവെള്ള വിതരണ പൈപ്പിടാനായി ചാലുകീറുകയും ചെയ്തത് ദുരിതം ഇരട്ടിപ്പിച്ചിരിക്കയാണ്.