ഇരിട്ടി പഴയപാലം അടച്ചതോടെ പുതിയ പാലത്തിൽ ഗതാഗതകുരുക്ക് രൂക്ഷം
1602080
Thursday, October 23, 2025 1:38 AM IST
ഇരിട്ടി: ഇരിട്ടി പഴയ പാലത്തിൽ കെഎസ്ആർടിസി ബസ് ഇടിച്ചു കയറിയുണ്ടായ അപകടത്തെ തുടർന്ന് പഴയപാലം അടച്ചതോടെ പുതിയ പാലം ഗതാഗതകുരുക്കിൽ വീർപ്പുമുട്ടുന്നു. അപകടത്തെ തുടർന്ന് പഴയ പാലത്തിന്റെ സ്പാനിൽ വിള്ളൽ കണ്ടതോടെയാണ് പൊതുമരാമത്ത് വകുപ്പ് പഴയപാലം പൂർണണായും അടച്ച് ഗതാഗതം നിരോധിച്ചത്. പുതിയപാലത്തിൽ സ്ഥാപിച്ച സിഗ്നൽ സംവിധാനം ഒരു വർഷത്തോളമായി തകരാറിലായിട്ടും അറ്റകുറ്റപണി നടത്താൻ ബന്ധപ്പെട്ടവർ തയറായിട്ടുമില്ല. പുതിയപാലത്തിലെ ഗതാഗതകുരുക്ക് ഇരിട്ടി നഗരത്തിലേക്കു വരെ നീളുകയാണ്.
പഴയ പാലം അടച്ചതോടെ സിഗ്നൽ സംവിധാനത്തിന്റെ പ്രാധാന്യം വർധിച്ചിട്ടുണ്ട്. ഇരിട്ടി ടൗണിൽ നിന്നു ഇരിക്കൂർ, ഉളിക്കൽ ഭാഗങ്ങളിലേക്കുള്ള ബസുകൾ ഉൾപ്പെടെ പഴയപാലത്തെ വൺവെ സംവിധാനമായാണ് ഉപയോഗപ്പെടുത്തിയത്. അതുകൊണ്ട് നഗരത്തിൽ എത്രവലിയ വാഹനത്തിരക്ക് അനുഭവപ്പെട്ടാലും പുതിയ പാലം കവലലെ ഇത് ബാധിക്കാറില്ലായിരുന്നു. എന്നാലിപ്പോൾ സ്ഥിതി മാറി. ഇരിട്ടി ടൗണിൽ നിന്നും പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് വലിയ തിരക്ക് അനുഭവപ്പെടുന്നത്.
പാലത്തിന്റെ പായം പഞ്ചായത്തിന്റെ ഭാഗത്തുവെച്ചാണ് ഇരിക്കൂർ, ഉളിക്കൽ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളും കൂട്ടുപുഴ, മാടത്തിൽ, എടൂർ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളും തിരിഞ്ഞുപോകേണ്ടത്. ഇതേ ഭാഗത്തുകൂടിയാണ് ഉളിക്കൽ ഭാഗത്തുനിന്നും മാടത്തിൽ ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പാലത്തിലേക്ക് കയറേണ്ടതും. ചെറുതും വലുതുമായ എല്ലാ വാഹനങ്ങളും ഇരിക്കൂർ, ഉളിക്കൽ ഭാഗങ്ങളിലേക്ക് പോകുന്നതിനും ഇതേ വഴിയാണ് ഉപയോഗപ്പെടുത്തുന്നത്. ഇത് ഗതാഗതകുരുക്കിനൊപ്പം അപകടങ്ങൾക്കും വഴി വെക്കുന്നുണ്ട്.
രാവിലെയും വൈകുന്നേരങ്ങളിലുമാണ് ഗതാഗതകുരുക്ക് രൂക്ഷമാകുന്നത്. ഈ സമയങ്ങളിൽ ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് പോലീസിനെയോ ഹോം ഗാർഡിനെയോ നിയോഗിച്ചാൽ ഒരു പരിധിവരെ കുരുക്ക് ഒഴിവാക്കാമെങ്കിലും പോലീസ് ഇതുവരെ ഇതിനു തയാറായിട്ടില്ല.
ബസിടിച്ച് കേടുപാട് സംഭവിച്ച പഴയ പാലത്തിന്റെ ഭാഗം അറ്റകുറ്റപണി നടത്തുന്നത് വരെ അടച്ചിടാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. അറ്റകുറ്റപണ നടത്തുന്നതിന് കാലതാമസം ഉണ്ടാവുകയാണെങ്കിൽ ഇരുചക്രവാനഹങ്ങളെയും ഓട്ടോ റിക്ഷകളെയും പാലത്തിലൂടെ കടത്തിവിടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.