പടിയൂരിൽ വോട്ട് തള്ളൽ വ്യാപകമെന്ന് യുഡിഎഫ്
1602077
Thursday, October 23, 2025 1:37 AM IST
പടിയൂർ : പടിയൂർ പഞ്ചായത്തിൽ അകാരണമായി വോട്ട് തള്ളൽ വ്യാപകമെന്ന് യുഡിഎഫ്. ബ്ലാത്തൂർ, ചോലക്കരി വാർഡുകളിലെ യുഡിഎഫിന്റെ വോട്ടുകൾ വ്യാപകമായി തള്ളാൻ അപേക്ഷ നൽകിയത് അതാത് വാർഡുകളിലെ മെംബർമാരായ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നിവരുടെ പേരിലാണെന്ന് യുഡിഎഫ് നേതാക്കൾ പറയുന്നു.
മണ്ണേരി, ഊരത്തൂർ, ആലത്തുപറമ്പ്, വാർഡുകളിലെ യുഡിഎഫ് വോട്ടുകൾ സിപിഎം നേതാക്കളുടെ പേരിൽ നാട്ടിൽ ഉള്ളവരുടേതും മറ്റ് സ്ഥലങ്ങളിൽ ജോലിക്ക് പോകുന്നവരുടെയും വോട്ടുകൾ നാട്ടിൽ താമസമില്ല എന്ന കാരണം കാണിച്ചാണ് തള്ളാൻ അപേക്ഷ നൽകിയത്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ പൗരന്റെ വോട്ടവകാശത്തെ കവർന്നെടുക്കുന്ന ആർഎസ്എസിന്റെ അജണ്ട നടപ്പാക്കുന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും അവരവരുടെ സ്ഥാനം മറന്നുള്ള പ്രവവൃത്തിയാണ് ചെയ്യുന്നതെന്ന് യുഡിഎഫ് ആരോപിച്ചു.
ജനനം മുതൽ ബ്ലാത്തൂർ ഒന്നാം വാർഡിൽ താമസക്കാരിയായ കണ്ണാവിൽ മാധവി, ചിറ്റാരിയിലെ വീട്ടിൽ താമസിക്കുന്ന 77 വയസുകാരിയുടെ വോട്ട് പോലും തള്ളുന്നതിതായി ജനാധിപത്യ മര്യാദകൾ മറന്നു.
വ്യാപകമായി കള്ള വോട്ടുകൾ ചേർക്കുന്നതിനെതിരെയും എതിർക്കുന്നവരെ വോട്ടർ പട്ടികയിൽ നിന്ന് അനധികൃതമായി നീക്കം ചെയ്യുന്നതിനെതിരെയും സമര പരിപാടികൾ ആരംഭിക്കുമെന്ന് കോൺഗ്രസ് കല്യാട് മണ്ഡലം പ്രസിഡന്റ് പി. അയ്യൂബ്, കെപിസിസി മെംബർ മുഹമ്മദ് ബ്ലാത്തൂർ എന്നിവർ അറിയിച്ചു.