അയ്യൻകുന്ന് ജനകീയ ആരോഗ്യ കേന്ദ്രം; പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
1602079
Thursday, October 23, 2025 1:38 AM IST
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ അങ്ങാടിക്കടവിൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ആയുഷ്മാൻ ആരോഗ്യ മന്ദിർ പദ്ധതി പ്രകാരം 55 ലക്ഷം രൂപ കേന്ദ്ര ഫണ്ട് (സിഎഫ്സി) ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമാണം. ആധുനിക സൗകര്യങ്ങളോടെ 1650 ചതുരശ്ര അടി കെട്ടിടമാണ് നിർമിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ മുഖ്യാഥിതിയായിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജസ്, മെഡിക്കൽ ഓഫീസർ പ്രിയ സദാനന്ദൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഐസക് ജോസഫ്, സീമ സനോജ്, സിന്ധു ബെന്നി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി ജോയിക്കുട്ടി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജെയിൻസ് ടി. മാത്യു, ബിജോയി പ്ലാത്തോട്ടം, ബാബു കാരക്കാട്ട്, ഇഗ്നേഷ്യസ്, ബാബു നടയത്ത്, അബ്ദുൾ സലാം, ഒ.ജെ. ജോർജ്, ഡോ.എം.എസ്. ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.