അങ്കണവാടിയിൽനിന്ന് കുട്ടിയെ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച പിതാവിനെ നാട്ടുകാര്‍ പിടികൂടി
1602067
Thursday, October 23, 2025 1:37 AM IST
പരിയാരം: അങ്കണവാടി ജീവനക്കാരെ മര്‍ദിച്ച് കുട്ടിയെ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച പിതാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. സംഭവത്തില്‍ അങ്കണവാടി ഹെല്‍പ്പര്‍ കണാരംവയല്‍ കരക്കില്‍ വീട്ടില്‍ കെ.പ്രമീളക്ക് (57)പരിക്കേറ്റു. ഇവരെ കൈകൊണ്ട് മര്‍ദിക്കുകയും കൈമുട്ടുകൊണ്ട് ഇടിച്ചുവീഴ്ത്തിയുമാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയത്.
കണ്ണംകൈയിലെ നിയാസിന്റെ പേരില്‍ പോലീസ് കേസെടുത്തു. കണാരംവയലിലെ അങ്കണവാടിയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. നിയാസും ഭാര്യയും വേര്‍പിരിഞ്ഞു താമസിക്കുകയാണ്. കുട്ടിയെ അങ്കണവാടിയില്‍ ചേര്‍ക്കുമ്പോള്‍തന്നെ പിതാവ് വന്നാല്‍ കൊടുക്കരുതെന്ന് നിർദേശമുണ്ടായിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് ഒന്നോടെ കുട്ടികളെ ഉറങ്ങാനായി കിടത്തിയിരുന്നു. പ്രമീള ക്ലീനിംഗ് ജോലികള്‍ ചെയ്തുകൊണ്ടിരിക്കെ ഗ്രില്‍സ് തുറക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അകത്തുകടന്ന നിയാസ് കുട്ടിയെ എടുത്ത് പറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നത് കണ്ടത്.
ഇരുവരും ചേര്‍ന്ന് ഇയാളെ തടഞ്ഞപ്പോള്‍ തങ്കമണിയെ തള്ളിയിട്ട പ്രതി പ്രമീളയെ മര്‍ദിച്ച് കുട്ടിയുമായി കാറില്‍ രക്ഷപ്പെടുകയായിരുന്നു. ഈ സമയം അങ്കണവാടിയില്‍ ഉണ്ടായിരുന്ന മറ്റ് കുട്ടികള്‍ പേടിച്ച് കരഞ്ഞ് ബഹളംവയ്ക്കുകയും ചെയ്തു.
അവിടെ ഉണ്ടായിരുന്ന കാറില്‍ നിയാസ് കുട്ടിയുമായി രക്ഷപ്പെട്ടു. നിയാസിന്റെ കാറിന് പിന്നാലെ പ്രമീളയും തങ്കമണിയും കരഞ്ഞുകൊണ്ട് ഓടുന്നത് ശ്രദ്ധയില്‍പെട്ട സമീപത്തെ കടയില്‍ ഉണ്ടായിരുന്നവര്‍ കാര്‍ തടഞ്ഞുനിര്‍ത്തി നിയാസിനെ പുറത്തിറക്കുകയും കുട്ടിയെ അങ്കണവാടി ജീവനക്കാരെ ഏല്‍പ്പിക്കുകയുമായിരുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് എത്തിയ പോലീസ് നിയാസിനെ കസ്റ്റഡിയിലെടുത്തു.