വീട്ടുതടങ്കൽ വിവാദം: യുവാവിന്റെ വിവാഹശ്രമം മകളുടെ സ്വത്തു തട്ടിയെടുക്കാനെന്ന് മാതാപിതാക്കൾ
1602064
Thursday, October 23, 2025 1:37 AM IST
കാസര്‍ഗോഡ്: വീട്ടുതടങ്കലിലാണെന്ന ഉദുമയിലെ സിപിഎം നേതാവിന്റെ മകൾ ടി.വി.സംഗീതയുടെ (35) വെളിപ്പെടുത്തലില്‍ വിശദീകരണവുമായി കുടുംബം രംഗത്തെത്തി. അപകട ഇന്‍ഷുറന്‍സ് തുകയായി കിട്ടാനുള്ള ഒന്നരക്കോടിയോളം രൂപയും മകളുടെ പേരിലുള്ള മറ്റു സ്വത്തുക്കളും തട്ടിയെടുക്കാന്‍ വേണ്ടിയാണ് ചികിത്സിച്ച വൈദ്യനായ നീലേശ്വരം കോട്ടപ്പുറം സ്വദേശി റാഷിദ് (36) മകളെ വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നതെന്ന് ഉദുമയിലെ പ്രാദേശിക സിപിഎം നേതാവ് പി.വി.ഭാസ്കരന് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ഇതരമതസ്ഥനായതുകൊണ്ടല്ല, ഭാര്യയും രണ്ടു മക്കളുമുള്ള അയാളുടെ സ്വഭാവദൂഷ്യം കൊണ്ടാണ് വിവാഹത്തെ എതിര്‍ത്തത്. തനിക്കും കുട്ടികള്‍ക്കും ചെലവിനു തരുന്നില്ലെന്നും തന്നെ ഉപദ്രവിക്കാറുണ്ടെന്നും ലഹരിമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും കാട്ടി റാഷിദിന്റെ ഭാര്യ ചന്തേര പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. അത്തരമൊരാളുടെ കൂടെ അരയ്ക്കുതാഴെ ചലനശേഷിയില്ലാത്ത മകളെ എങ്ങനെ അയക്കും ?
മകളുടെ ചികിത്സയ്ക്കായി ഇതുവരെ 50 ലക്ഷത്തോളം രൂപ ചെലവഴിച്ചു. അവളെ പരിചരിക്കാന്‍ ഹോംനഴ്സിനെയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. അവള് എഴുന്നേറ്റ് നടക്കാന്‍ വീട് വിറ്റിട്ടായാലും അമേരിക്കയില്‍ വരെ കൊണ്ടുപോയി ചികിത്സിക്കാനും തയാറാണ്.
പണം തട്ടിയെടുക്കുക എന്ന ലക്ഷ്യവുമായാണ് റാഷിദ് സുഹൃത്ത് അര്ജുന് മുഖേന ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയതെന്നും ഭാസ്കരന് പറഞ്ഞു. അമ്മ ടി.വി.രോഹിണി, സഹോദരന് പി.വി.സുബിത്, ഇളയച്ഛന് പി.വി.ഗംഗാധരന് എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
കഴിഞ്ഞദിവസം വീഡിയോ സന്ദേശത്തിലൂടെയാണ് സംഗീത കുടുംബാംഗങ്ങള്‍ക്ക് എതിരെ ഗുരുതര ആരോ പണങ്ങളുമായി രംഗത്തെത്തിയത്. മറ്റൊരു മതത്തില്‍പ്പെട്ടയാളെ വിവാഹം കഴിക്കാന്‍ അനുവദിക്കുന്നില്ലെന്നും തന്റെ പണം തട്ടിയെടുക്കാന്‍ പിതാവും സഹോദരനും ശ്രമിക്കുകയാണെന്നും താൻ വീട്ടു തടങ്കിലിലാണെന്നുമായിരുന്നു സംഗീതയുടെ ആരോപണം. ജില്ലാ പോലീസ് മേധാവിക്കു നല്കിയ പരാതിയുടെ പകര്‍പ്പും പുറത്തുവിട്ടിരുന്നു. വിവാഹമോചിതയായ സംഗീത 13 വയസുള്ള മകനൊപ്പമാണ് കുടുംബവീട്ടില്‍ കഴിയുന്നത്.
അപകടം 2023ല്‍
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് വിവാഹമോചിതയായ സംഗീത മകനൊപ്പം സ്വന്തം വീട്ടില്‍ താമസം ആരംഭിക്കുന്നത്. സിവില്‍ കോണ്‍ട്രാക്ടറായ പിതാവ് ഭാസ്കരന് മകള്‍ക്ക് ചട്ടഞ്ചാലിലെ പിഡബ്ല്യുഡി കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയില്‍ ജോലി തരപ്പെടുത്തിനല്‍കി. സംഗീതയ്ക്ക് പിന്നീട് സെക്രട്ടറിയായി പ്രമോഷനും ലഭിച്ചു.
അതിനിടെ 2023 സെപ്റ്റംബർ 23ന് ജോലിക്കുപോവുകയായിരുന്ന സംഗീത സഞ്ചരിച്ച സ്കൂട്ടറിന് പിന്നില്‍ ഐസ്ക്രീം വാന്‍ ഇടിച്ചാണ് അപകടമുണ്ടാകുന്നത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ സ്കൂട്ടര്‍ ഇടിച്ച കാല്‍നടയാത്രക്കാരിയുടെ കാല് ഒടിഞ്ഞു.
നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സംഗീതയ്ക്ക് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെടുകയായിരുന്നു.
പലയിടത്തും കൊണ്ടുപോയി ചികിത്സിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. അപ്പോഴാണ് റാഷിദ് എന്ന മര്മാണിവൈദ്യന് രംഗപ്രവേശനം ചെയ്യുന്നത്. ഭാസ്കരന്റെ വീട്ടില്‍ തന്നെ താമസിച്ച് ഇയാള്‍ ചികിത്സ നടത്തി. ആ സമയത്താണ് ഇരുവരും തമ്മില്‍ അടുക്കുന്നത്.
റാഷിദിനെതിരെ
നിരവധി പരാതികള്‍
മുമ്പ് ഗള്‍ഫില്‍ ഡ്രൈവറായിരുന്ന റാഷിദ് ഒരു വര്‍ഷം മുമ്പാണ് പ്രവാസജീവിതം പൂര്‍ണമായും അവസാനിപ്പിച്ച് നാട്ടിലെത്തുന്നത്.
ഇതിനിടെ ഇയാള്‍ എപ്പോഴാണ് നാട്ടുവൈദ്യം പഠിച്ചതെന്ന് ആര്‍ക്കും അറിയില്ല. ഇയാളുടെ ഭാര്യവീട് തൃക്കരിപ്പൂരിലാണ്. തനിക്കും കുട്ടികള്‍ക്കും എട്ടുമാസമായി റാഷിദ് ചെലവിനു തരുന്നില്ലെന്ന് ഭാര്യ മിസ്രിയ ചന്തേര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മിസ്രിയയുടെ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുകയും അവരുടെ പേരില്‍ ലോണെടുക്കുകയും ചെയ്തിട്ടുണ്ട്. പണം ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നു. എംഡിഎംഎ ഉള്‍പ്പെടെയുള്ള രാസലഹരി ഉപയോഗിക്കുന്ന ആളാണ് റാഷിദെന്നും പരാതിയില്‍ പറയുന്നുണ്ട്. കേക്ക് ഉണ്ടാക്കി വിറ്റാണ് ഈ കുടുംബം ഇപ്പോള്‍ കഴിയുന്നത്. അതും ഒരു സ്ഥിരവരുമാനമല്ലെന്ന് മിസ്രിയ പറയുന്നു.