ശബരിമല സ്വർണക്കവർച്ച: യുഡിഎഫ് ജനകീയ സദസുകൾ നടത്തും
1602071
Thursday, October 23, 2025 1:37 AM IST
കണ്ണൂർ: ശബരിമലയിലെ സ്വർണക്കൊള്ളക്കുത്തരവാദിയായ ദേവസ്വം മന്ത്രി രാജിവെക്കുക, തിരുവിതാകംകൂർ ദേവസ്വം ബോർഡ് ചെയർമാനെ പുറത്താക്കുക, ശബരിമല സ്വർണപ്പാളി മോഷണം ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ സിബിഐ അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് നിയോജക മണ്ഡലങ്ങളുടെ നേതൃത്വത്തിൽ ജനകീയ സദസുകൾ നടത്തും.
29 മുതൽ 31 വരെയുള്ള തീയതികളിൽ ജനകീയ സദസുകൾ നടത്താൻ യുഡിഎഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിലെ സ്വർണ്ണപ്പാളി കടത്തി വിറ്റതിന് ദേവസ്വം മന്ത്രിയും ബോർഡ് ചെയർമാനും ഉത്തരവാദിയാണെന്ന് പകൽ വെളിച്ചം പോലെ വ്യക്തമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ചെയർമാൻ പി.ടി. മാത്യു അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം പഞ്ചായത്ത്, മുനിസിപ്പൽതലങ്ങളിൽ 27ന് മുന്പ് പൂർത്തിയാക്കാൻ കീഴ്ഘടകങ്ങൾക്ക് യോഗം നിർദേശം നൽകി. കൺവീനർ അബ്ദുൽ കരീം ചേലേരി, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സിഎംപി സംസ്ഥാന സെക്രട്ടറി സി.എ. അജീർ, എ.ഡി. മുസ്തഫ, മഹമൂദ് കടവത്തൂർ, കെ. പ്രമോദ് ,കെ.എ. ലത്തീഫ്, സി. ജോൺസൺ, പി. തോമസ് തോമസ് വക്കത്താനം,റോജസ് സെബാസ്റ്റ്യൻ, ജോസ് വേലിക്കകത്ത്, അൻസാരി തില്ലങ്കേരി, സുരേഷ് ബാബു എളയവൂർ, കെ.എ. ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.