കോടതി വിട്ടയച്ച കമിതാക്കൾക്കു യുവതിയുടെ ബന്ധുക്കളുടെ മർദനം
1266049
Wednesday, February 8, 2023 11:01 PM IST
മുട്ടം: പ്രണയിച്ച യുവാവിനൊപ്പം കോടതി പറഞ്ഞയച്ച യുവതിക്കും സുഹൃത്തുക്കൾക്കും യുവാവിനും യുവതിയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും മർദനം. മുട്ടം ജില്ലാ കോടതിക്കു സമീപമുണ്ടായ സംഘർഷം നിയന്ത്രിക്കാനെത്തിയ പോലീസിനും ആക്രമണത്തിൽ പരിക്കേറ്റു.
വനിതാ പോലീസിന്റെ മൊബൈൽ ഫോണ് പിടിച്ചുവാങ്ങുകയും യുവതി എത്തിയ കാർ ഇവർ തട്ടിക്കൊണ്ടു പോവുകയും ചെയ്തു. പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടതോടെ കാറും ഫോണും തിരികെ നൽകി.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു സംഭവം. തൊടുപുഴയ്ക്കു സമീപത്തെ കോളജിൽ പഠിക്കുന്ന ചെറുതോണി സ്വദേശിയായ വിദ്യാർഥിനിക്കും മലപ്പുറം സ്വദേശിയായ യുവാവിനും സുഹൃത്തുക്കൾക്കുമാണു മർദനമേറ്റത്.
കഴിഞ്ഞ നാലിനു യുവതിയെ കാണാനില്ലെന്നു ബന്ധുക്കൾ കരിങ്കുന്നം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഫോണ് രേഖകൾ പരിശോധിച്ചപ്പോൾ യുവതി മലപ്പുറത്താണെന്നു മനസിലാക്കുകയും പോലീസെത്തി ഇവരെ കണ്ടെത്തി കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
കോടതി നിർദേശപ്രകാരം ഷെൽട്ടർ ഹോമിൽ താമസിപ്പിച്ചിരുന്ന യുവതിയെ ഇന്നലെ ഉച്ചയോടെ വീണ്ടും കോടതിയിൽ ഹാജരാക്കി. കോടതി യുവതിയുടെ ഇഷ്ടപ്രകാരം യുവാവിനൊപ്പം പറഞ്ഞയച്ചു.
കോടതി നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങിയ കമിതാക്കളെയും സുഹൃത്തുക്കളെയും റോഡിൽ തടഞ്ഞുനിർത്തി യുവതിയുടെ പിതാവിന്റെ നേതൃത്വത്തിൽ മർദിക്കുകയായിരുന്നു. സംഘർഷത്തിൽ തടസം പിടിക്കാനെത്തിയ പോലീസുകാർക്കും മർദനമേറ്റു.
പരിക്കേറ്റ പോലീസുകാരുടെ പരാതിയിൽ സംഘർഷങ്ങൾക്കു നേതൃത്വം നൽകിയ പതിനാലോളം പേർക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.